കോഴിക്കോട്: മുസ്‌ലിം ലീഗിൽ വീണ്ടും സർവ ശക്തനാകാൻ പി കെ കുഞ്ഞാലിക്കുട്ടി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചു വരാൻ സാധ്യതയേറി. മാർച്ച് നാലിന് കോഴിക്കോട് ലീഗ് സമ്മേളനത്തിന് കൊടിയിറങ്ങുമ്പോൾ നേതൃത്വത്തിന്‍റെ തലപ്പത്ത് ട്വിസ്റ്റ് എൻട്രിയാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ ജനറൽ സെക്രട്ടറി പിഎംഎ സലാം തുടരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും കച്ചമുറുക്കുകയാണ് കുഞ്ഞാപ്പ. എം.പി ആയതിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ ചെലുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശബ്‌ദമുയർത്താനുമാണ് കുഞ്ഞാലിക്കുട്ടി രാജ്യ തലസ്ഥാനത്തേക്ക് പോയത്. ഇവിടെ കാര്യങ്ങൾ ഏൽപ്പിച്ചത് പിഎംഎ സലാമിനെയും. എന്നാൽ ഡൽഹിയിൽ പ്രതീക്ഷിച്ചത് ഒന്നും നടന്നില്ല എന്ന് മാത്രമല്ല പകുതി വഴിയിൽ കുഞ്ഞാലിക്കുട്ടി കേന്ദ്രത്തിലെ പണി ഉപേക്ഷിക്കുകയായിരുന്നു.
മലപ്പുറത്തേക്ക് തിരിച്ചെത്തി നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ വിദൂരമായ ഒരു മന്ത്രി പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ പിണറായി സർക്കാറിന് ജനങ്ങൾ തുടര്‍ഭരണം നൽകിയതോടെ കുഞ്ഞാലിക്കുട്ടി അടവ് മാറ്റി. പിഎംഎ സലാമിനെ മുൻനിർത്തി ലീഗിന്‍റെ പിന്നാമ്പുറത്ത് കളി തുടങ്ങിയപ്പോൾ എതിർ ശബ്‌ദങ്ങൾ ഒരുപാട് ഉയർന്നു. കെഎം ഷാജിയും എംകെ മുനീറും കെ.എസ് ഹംസയും അടങ്ങുന്ന ഒരു വിഭാഗം കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനങ്ങൾ പരസ്യമാക്കി.
ഹംസയെ വേരോടെ പിഴുത് കളഞ്ഞപ്പോൾ നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റ ഷാജി കേസിന്‍റെ പിടിയിലുമായി. പരസ്യ നിലപാടുകളിൽ മിതത്വം പാലിക്കാനെ എം കെ മുനീറിനും ഇടി മുഹമ്മദ് ബഷീറിനും കഴിഞ്ഞുള്ളൂ. ഇതിനെല്ലാം തുടക്കമിട്ടത് 'ചന്ദ്രിക' വിവാദമായിരുന്നു. ഹൈദരലി തങ്ങളുടെ മകൻ മുഈൻ അലി തങ്ങളാണ് അത് പരസ്യമായി തൊടുത്ത് വിട്ടത്. കാലാകാലങ്ങളായി ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്ന തങ്ങളുടെ പ്രതികരണം ലീഗിനെ സ്‌തംഭനാവസ്ഥയിലാക്കി. എന്നാൽ അവിടെയും പോംവഴി കണ്ടെത്താൻ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞു.
അസ്ത്രം തൊടുത്ത് വിട്ടവർ ബലഹീനരായപ്പോൾ സാദിഖലി തങ്ങളെ കൂട്ട് പിടിച്ച് കുഞ്ഞാലിക്കുട്ടി 'പരിശുദ്ധ'നായി. വിമതർ യോഗം വരെ പരസ്യമായി വിളിച്ച് ചേർത്തിട്ടും അതിനൊന്നും ഒരു തുടർച്ച ഉണ്ടായില്ല എന്നത് ആ നീക്കങ്ങളുടെ ഭാഗമാണ്. അവിടെയൊക്കെ നീക്കങ്ങൾ സസൂക്ഷ്‌മം നടത്തി കൊണ്ടേയിരുന്നു കുഞ്ഞാപ്പ. സാദിഖലി തങ്ങൾ പ്രസിഡന്‍റായതിന് പിന്നാലെ കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിനൊപ്പം കേരളമൊട്ടാകെ യാത്ര നടത്തി.
പാർട്ടി ഘടകങ്ങളിൽ മെമ്പർഷിപ്പ് വർധിപ്പിക്കാനും ഉറങ്ങി കിടന്ന ശാഖകളെ പുനരുജ്ജീവിപ്പിക്കാനും ആ യാത്രയിലൂടെ കഴിഞ്ഞു. നവംബർ മാസത്തിൽ തുടങ്ങിയ മെമ്പർഷിപ്പ് വിതരണത്തിലൂടെ അഞ്ച് ലക്ഷം പേരെ അധികമായി ചേർക്കാൻ കഴിഞ്ഞു. ഹദിയ പിരിവിലൂടെയും ചന്ദ്രിക കാമ്പയിനിലൂടെയും വലിയൊരു സംഖ്യ പാർട്ടിക്കായി കണ്ടെത്തി. പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ ഫണ്ട് നിർബന്ധമാണെങ്കിൽ അത് സ്വരൂപിക്കാൻ തനിക്ക് കഴിയുമെന്ന് കേരളത്തിൽ സജീവമായ കുഞ്ഞാലിക്കുട്ടി തെളിയിച്ചു.
മുസ്‌ലിം ലീഗ് വഴി എല്ലാം സംസാരിച്ചിരുന്ന സമസ്‌തയുടെ ഇടച്ചിലും തുടര്‍ന്നുള്ള നീക്കങ്ങളും വലിയ ചർച്ചയായിരുന്നു. വക്കഫ് ജൻഡർ ന്യൂട്രാലിറ്റി തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന സർക്കാരുമായി നേരിട്ടുള്ള നീക്കങ്ങളാണ് സമസ്‌ത നടത്തിയത്. പിണറായി വിജയനിൽ വിശ്വാസം കണ്ടെത്തിയ സമസ്‌തയ്‌ക്ക് എതിരെ മുസ്‌ലിം ലീഗ് ജനങ്ങളെ അണിനിരത്തി ശക്തി തെളിയിച്ചു. ആ സമയത്തും കുഞ്ഞാലിക്കുട്ടി സമസ്‌തയ്‌ക്ക് ഒപ്പമായിരുന്നു.
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഒന്നും ഈ കാലമത്രയും കുഞ്ഞാലിക്കുട്ടി നടത്തിയില്ല എന്നതും മറ്റൊരു തന്ത്രമായിരുന്നു. സമസ്‌തയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ നടപ്പാക്കാൻ തനിക്കും താത്പര്യം ഉണ്ടെന്ന തെളിയിക്കലായിരുന്നു അത്. സമസ്‌ത ഇടഞ്ഞപ്പോൾ മനസ് കൊണ്ട് സന്തോഷിച്ച കുഞ്ഞാലിക്കുട്ടി വിരുദ്ധർക്കും പക്ഷേ ഒരു തുടർ ആശ്വാസം ലഭിച്ചില്ല.
നിലവിലെ ജനറൽ സെക്രട്ടറിയെ അംഗീകരിക്കാത്ത സമസ്‌തയ്ക്ക് പക്ഷേ കുഞ്ഞാലിക്കുട്ടി ഇപ്പോഴും അഭിമതനാണ്. ഏറ്റവും ഒടുവിൽ സമസ്‌തയോട് ഇടഞ്ഞ സിഐസി ജനറല്‍ സെക്രട്ടറി അബ്‌ദുല്‍ ഹക്കീം ഫൈസി അദൃശേരിയെ രാജി വയ്പ്പിച്ചതിലും കുഞ്ഞാലിക്കുട്ടിയുടെ നീക്കമാണ് വിജയിച്ചത്. മാറി വരുന്ന അന്തരീക്ഷത്തിലാണ് ലീഗിൻ്റെ പുതിയ സംസ്ഥാന ഭാരവാഹി പട്ടിക വരാൻ പോകുന്നത്.
28 അംഗങ്ങൾ ഉണ്ടായിരുന്ന മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയിൽ നിലവിലുള്ളത് 22 ആണ്. മാർച്ച് നാലിന് പുതിയ കമ്മിറ്റി നിലവിൽ വരുമ്പോൾ അത് 19 ആയി ചുരുങ്ങും. യുവ പ്രാതിനിധ്യം വാക്കുകളിൽ ഉള്ളപ്പോഴും തലപ്പത്ത് പക്ഷേ തഴക്കവും പഴക്കവുമായിരിക്കും വാഴുക. എന്നാൽ പാണക്കാട് കുടുംബം ഗത്യന്തരമില്ലാതെ വടിയെടുത്താൽ കാര്യങ്ങൾ മാറിമറയും. 'ഹരിത' വിവാദത്തോടെ മനം മടുത്ത യുവനിരയുടെ നീക്കമായിരിക്കും അതിൽ ശ്രദ്ധേയമാകുക.