മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടി എംപി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിച്ചു. തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ അദ്ദേഹം വിലയിരുത്തി . പ്രവാസികളെ സ്വീകരിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമാനത്താവളവും ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കിയ ഹജ്ജ് ഹൗസും കുഞ്ഞാലിക്കുട്ടി സന്ദര്‍ശിച്ചു.
വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അത് അവസാനിച്ചതായാണ് കരുതുന്നത്. ഇത് മുന്‍പുതന്നെ തീര്‍ക്കാമായിരുന്നു. പല കാര്യങ്ങളും ജനങ്ങളെ വ്യക്തമായി അറിയിക്കേണ്ടതുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഈ ഘട്ടത്തിലുണ്ടായ തർക്കം അനുചിതമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീർ എം.പി, ടി.വി ഇബ്രാഹിം എം.എൽ.എ, പി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, ജില്ലാ കലക്ടർ എന്നിവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.