മലപ്പുറം: എല്‍ഡിഎഫ് സർക്കാരിന് വാര്‍ത്താമാധ്യമങ്ങള്‍ അസൗകര്യമാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പിണറായി സര്‍ക്കാര്‍ കണ്ടെത്തിയ വിദ്യയായിരുന്നു പൊലീസ് നിയമഭേദഗതിയെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഒരു കാരണവശാലും നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ല. നിയമം പിന്‍വലിച്ചില്ലായിരുന്നെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമായിരുന്നു. നാനാ ദിക്കില്‍ നിന്നും വിമര്‍ശനം ഉര്‍ന്നതോടെ സര്‍ക്കാരിന് മറ്റു മാര്‍ഗമില്ലാതെ പിന്‍വാങ്ങേണ്ടി വന്നതാണെന്നും എം.പി പറഞ്ഞു.
വാര്‍ത്തകള്‍ കാണുന്നതും വാര്‍ത്താമാധ്യമങ്ങളെ കാണുന്നതും ഇഷ്‌ടമില്ലാതായ സര്‍ക്കാര്‍, മാധ്യമങ്ങളെ തടയാന്‍ വഴികള്‍ ആലോചിച്ചതിന്‍റെ ഭാഗമാണ് നിയമം കൊണ്ടുവന്നത്. ഇത്തരത്തിലൊരു നിയമം നടപ്പിലാക്കുന്നത് ജനാധിപത്യത്തെ ക്ഷയിപ്പിക്കും. വര്‍ത്തമാന കാലത്ത് മാധ്യമങ്ങള്‍ വളരെ അനിവാര്യമാണെന്നും ജനാധിപത്യത്തിന്‍റെ ശക്തമായ ഘടകമായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആവശ്യം വരുമ്പോള്‍ മാത്രം പ്രത്യക്ഷപ്പെട്ട് ബിജു രമേശ് വെളിപ്പെടുത്തുന്ന കാര്യങ്ങൾ വിശ്വസനീയമല്ല. ഇത്രയും കാലം മിണ്ടാതിരുന്ന് ഇപ്പോൾ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നുപറയുന്ന വാക്കുകള്‍ വിശ്വസിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് പറയുന്ന അതേസമയം വിജിലന്‍സിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് കേരള സര്‍ക്കാര്‍. മോദിയുടെ ശൈലി തന്നെയാണ് കേരള സര്‍ക്കാരും പയറ്റുന്നത്. എല്‍ഡിഎഫിനെതിരായ ആരോപണങ്ങള്‍ മൂടിവെക്കുകയും യുഡിഎഫ് എംഎല്‍എ മാര്‍ക്കെതിരെ നടപടിയെടുക്കുകയും പീഡിപ്പിക്കുകയുമാണ്. എം.സി കമറുദ്ദീന്‍ ഹൃദ്രോഗിയാണെന്ന് അറിഞ്ഞിട്ട് പോലും ദ്രോഹിക്കുന്നു.
മോദി സര്‍ക്കാര്‍ ഇ.ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നതിനോട് യോജിക്കുന്നു. എന്നാല്‍ അന്വേഷണ ഏജന്‍സിയെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ഓരോ കേസും വ്യത്യസ്‌തമാണ്. കിഫ്ബിയെ ഒരുകാലത്തും യുഡിഎഫ് അംഗീകരിച്ചിരുന്നില്ല. കിഫ്ബിയുടെ പോരായ്‌മകള്‍ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണ്. ഓഡിറ്റിങ് ഇല്ലാതെ ജനങ്ങളുടെ പണം ഉപയോഗിക്കുകയെന്നത് അംഗീകരിക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.