വയനാട്: രാഷ്‌ട്രീയത്തില്‍ സ്‌നേഹം ചേര്‍ക്കുമ്പോഴുണ്ടാകുന്ന മാറ്റം വയനാട്ടില്‍ നിന്ന് ബോധ്യമായെന്ന് രാഹുൽ ഗാന്ധി. വയനാട്ടുകാർ നല്‍കിയ സ്‌നേഹവും വാത്സല്യവും കാരണമാണ് തന്‍റെ രാഷ്‌ട്രീയ ബോധ്യം തന്നെ മാറിമറിഞ്ഞതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണം നടത്താന്‍ വയനാട്ടിൽ എത്തിയതായിരുന്നു രാഹുല്‍.
ഭാരത് ജോഡോ യാത്രയില്‍ തനിക്കുണ്ടായ തിരിച്ചറിവുകളെപ്പറ്റി രാഹുല്‍ ഗാന്ധി എടുത്തുപറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഉദ്ദേശ്യം തീര്‍ച്ചയായും രാഷ്‌ട്രീയമായിരുന്നു. എന്നാൽ, യാത്രയുടെ അവസാന ദിവസത്തോടെ രാഷ്‌ട്രീയത്തിലെ സ്നേഹത്തിന്‍റെ അർഥം തനിക്ക് മനസിലായി.
യാത്രയുടെ തുടക്കത്തിൽ ഞാൻ ആളുകളെയും അവര്‍ എന്നെയും കെട്ടിപ്പിടിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഐ ലവ് യൂ എന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. വീ ലവ് യൂ എന്ന് (ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു) അവര്‍ എന്നോട് പറയുകയായിരുന്നു. വർഷങ്ങളോളം ഞാൻ സ്നേഹം എന്ന വാക്ക് രാഷ്‌ട്രീയത്തിൽ ഉപയോഗിച്ചിരുന്നില്ല.
വയനാട്ടിൽ വന്നതിന് ശേഷമാണ് ഞാൻ രാഷ്‌ട്രീയത്തിൽ സ്‌നേഹം എന്ന വാക്ക് ഉപയോഗിക്കാൻ തുടങ്ങിയത്. വയനാട്ടുകാർ എനിക്ക് ഇത്രയധികം സ്‌നേഹവും വാത്സല്യവും നൽകിയത് കൊണ്ടാണ് എന്‍റെ രാഷ്‌ട്രീയം ആകെ മാറിമറിഞ്ഞത്. വയനാട്ടിലെ ജനങ്ങളാണ് എന്നെ സ്‌നേഹത്തിന്‍റെ പ്രാധാന്യം പഠിപ്പിച്ചത്. അതുകൊണ്ടാണ് ഐ ലവ് വയനാട് എന്നെഴുതിയ ടീ ഷർട്ട് ധരിച്ചത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വയനാടിനെ കേരളത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കാൻ പ്രിയങ്ക ഗാന്ധിയോട് രാഹുല്‍ ആവശ്യപ്പെട്ടു. ഇത് വയനാട്ടിലെ ജനങ്ങൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണം ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശമായ ഇന്ന് വയനാട്ടില്‍ രാഹുലും പ്രിയങ്കയും റോഡ് ഷോ നടത്തിയിരുന്നു. വന്‍ജനാവലിയാണ് ഇരുവരുടെയും റോഡ് ഷോ കാണാനെത്തിയത്.
Also Read: ജനാരവത്തിലലിഞ്ഞ് രാഹുലും പ്രിയങ്കയും; അണപൊട്ടി ആവേശം, തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്