മലപ്പുറം: വളാഞ്ചേരി പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിനു മുന്‍പില്‍ സ്ഥാപിച്ച ഒരു ബോര്‍ഡ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചർച്ചയിരുന്നു. " ആരാണ് ദൈവം എന്നു നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്നു ജനം പറഞ്ഞു, കേരളത്തിന്‍റെ ദൈവം"... എന്ന കുറിപ്പോടെ പിണറായി വിജയന്‍റെ ചിത്രം ഉള്‍പ്പെടുത്തി സ്ഥാപിച്ച ബോര്‍ഡാണ് ആ ചർച്ചകൾക്ക് കാരണം. കോൺഗ്രസ് നേതാവ് വിടി ബല്‍റാം പരിഹാസച്ചുവയോടെ സാമൂഹിക മാധ്യമങ്ങളില്‍ സംഭവം പോസ്റ്റ് ചെയ്തതാണ് ചർച്ചകൾക്ക് ആധാരമായത്.
'പിന്നില്‍ സി.പി.എമ്മെന്ന് ക്ഷേത്ര ഭാരവാഹികള്‍'
സംഗതി വിവാദമായതോടെ അമ്പലത്തിന്‍റെ ഭണ്ഡാരപ്പെട്ടിക്ക് സമീപം സ്ഥാപിച്ച ബോര്‍ഡ് മാറ്റി. ക്ഷേത്ര പരിസരത്തു തന്നെ മറ്റൊരിടത്തേക്കാണ് ബോർഡ് മാറ്റിയത്. ആരാണ് ബോർഡ് സ്ഥാപിച്ചതെന്നും ഒടുവില്‍ ബോർഡ് മാറ്റിയതെന്നും ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത് സി.പി.എം പ്രവര്‍ത്തകരാണെന്ന് ക്ഷേത്ര ഭാരവാഹികള്‍ ആരോപിച്ചു.
'ദൈവങ്ങളെല്ലാം കമ്യൂണിസ്റ്റുകള്‍'
നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുന്‍പായി ടീം പിണറായി എന്ന പേരില്‍ മന്ത്രിമാരുടെ ഫോട്ടോ ഉള്‍പ്പെടുത്തി പരിസരത്ത് മറ്റൊരു ബോര്‍ഡ് നേരത്തേ സ്ഥാപിച്ചിരുന്നു. ശ്രീപത്മനാഭന്‍റെ മണ്ണും സ്വാമി അയ്യപ്പന്‍റെ മണ്ണും ഗുരുവായൂരപ്പന്‍റെയും കൊടുങ്ങല്ലൂരമ്മയുടെയും തട്ടകവും ചുവന്നു. ഈ തെരഞ്ഞെടുപ്പില്‍ ദൈവങ്ങളെല്ലാം കമ്യൂണിസ്റ്റാണെന്നതിന് ഇതില്‍പ്പരം തെളിവു വോണോ എന്നായിരുന്നു ബോര്‍ഡിലെ കുറിപ്പ്. ഈ ബോര്‍ഡ് 15 ദിവസങ്ങള്‍ക്കു മുന്‍പ് വളാഞ്ചേരി പൊലീസ് ഇടപെട്ട് മാറ്റിയിരുന്നു.
പാർട്ടിക്ക് പങ്കില്ലെന്ന് വിശദീകരണം
ബോർഡ് വെച്ച സംഭവത്തില്‍ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി ശങ്കരൻ മാസ്റ്റർ ഇടിവി ഭാരതിനോട് പറഞ്ഞു. പാർട്ടിയുടെ ഔദ്യോഗിക നിലപാടുമായി അതിന് യാതൊരു ബന്ധവുമില്ല. പിണറായിയെ ദൈവമായി കാണണമെന്ന ആശയം കമ്മ്യൂണിസ്റ്റുകാർക്കില്ല.
അതൊരു ആലങ്കാരിക പ്രയോഗവും വികാര പ്രകടനവും മാത്രമായിരിക്കാം. പാർട്ടിക്ക് സ്വാധീനമുള്ള പ്രദേശമല്ല അത്. അത്തരത്തിലുള്ള ബോർഡ് വെയ്‌ക്കാൻ പാർട്ടി നിർദ്ദേശം നല്‍കിയിട്ടില്ല. സംഭവത്തില്‍ പാർട്ടിക്ക് യാതൊരു അറിവുമില്ലെന്ന് വളാഞ്ചേരി സിപിഎം ഏരിയാ സെക്രട്ടറി ശങ്കരൻ മാസ്റ്റർ ഇടിവി ഭാരതിനോട് പറഞ്ഞു.
ALSO READ: പിണറായി "കേരളത്തിന്‍റെ ദൈവമെന്ന്" ഫ്ലക്‌സ്, പരിഹസിച്ച് വിടി ബല്‍റാം