മലപ്പുറം: കാൽനൂറ്റാണ്ടായി തകർച്ചയുടെ ഭീഷണിയിൽ തുടരുന്ന പാറക്കടവ് പാലത്തിന്‍റെ ദുരവസ്ഥക്ക് ഇപ്പോഴും മാറ്റമില്ല. വഴിക്കടവ് പഞ്ചായത്തിലെ രണ്ട് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം 25 വർഷമായി വശങ്ങൾ തകർന്ന് കിടക്കുകയാണ്. സ്‌കൂൾ, പോസ്റ്റ് ഓഫീസ്, പാൽ സൊസൈറ്റി തുടങ്ങി നിരവധി ആവശ്യങ്ങൾക്കുള്ള സഞ്ചാര പാതയാണ് ഈ പാലം. കാരക്കോട്, വെള്ളക്കട്ട പ്രദേശവാസികളാണ് പാലത്തെ പ്രധാനമായും ആശ്രയിക്കുന്നത്. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് നിവേദനം നൽകുന്നുണ്ടെങ്കിലും കാലങ്ങളായി വിഷയത്തിൽ നടപടിയില്ല.
അതിവർഷമുണ്ടായതിനെ തുടർന്ന് വെള്ളക്കട്ട നിവാസികളെ കാരക്കോട് ക്യാമ്പിലേക്ക് മാറ്റാൻ കഴിയാത്ത അവസ്ഥ കഴിഞ്ഞ വർഷമുണ്ടായി. വെള്ളക്കട്ട പ്രദേശം മൂന്ന് ദിവസത്തിലധികം ഒറ്റപ്പെട്ടു. രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ പോലും കഴിഞ്ഞിരുന്നില്ല. മഴ കനക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ഒറ്റപ്പെടൽ ഭിതിയിലാണ്. അധികൃതർ ഇനിയെങ്കിലും വിഷയത്തിൽ കണ്ണുതുറന്ന് പ്രവർത്തിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കാരക്കോടൻ പുഴയ്ക്ക് കുറുകെ 1975ലാണ് പാലം നിർമിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്‍റെ 45,000 രൂപ ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമാണം.