മലപ്പുറം : പന്തീരാങ്കാവ് യു.എ.പി.എ കേസിലെ മൂന്നാം പ്രതി എം. ഉസ്‌മാനെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന പ്രതിയെ മഞ്ചേരി ജില്ല സെഷൻസ് കോടതിയിലാണ് ഹാജരാക്കിയത്. പത്തിലേറെ രാജ്യദ്രോഹ കേസുകളിൽ പ്രതിയാണ് ഇയാള്‍.
മലപ്പുറം പട്ടിക്കാടുവച്ച് ഓഗസ്റ്റ് 14 ന് രാത്രിയാണ് പ്രതിയെ പിടികൂടിയത്. നേരത്തേ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ പിന്നീട് മുങ്ങുകയായിരുന്നു. എ.ടി.എസും എൻ.ഐ.എയും പൊലീസും ഏറെ നാളായി ഉസ്‌മാനെ അന്വേഷിച്ച് വരുന്നതിനിടെയിലാണ് കഴിഞ്ഞ ദിവസം പിടിയിലായത്.
ALSO READ: കെപി അനില്‍കുമാറിന് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ സ്വീകരണം
പന്തീരാങ്കാവ് കേസിലെ ഒന്നും രണ്ടും പ്രതികളായ താഹ ഫസലും അലന്‍ ശുഐബും അറസ്റ്റിലായത് ഉസ്‌മാനുമായി സംസാരിച്ച് നില്‍ക്കുമ്പോഴായിരുന്നു. എന്നാൽ പൊലീസിനെ കണ്ട ഉസ്‌മാൻ അന്ന് ഓടിരക്ഷപ്പെട്ടു.
അലനും താഹയ്‌ക്കും മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ നൽകിയിരുന്നത് ഉസ്‌മാൻ ആണെന്നാണ് വിവരം. പോരാട്ടം പ്രവർത്തകന്‍ കൂടിയായ ഇയാൾ മാവോയിസ്റ്റ് കേഡർ ആണെന്നാണ് പൊലീസ് പറയുന്നത്.