മലപ്പുറം: താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം നേതാവ് പി. ജയരാജന് പങ്കുണ്ടെന്ന് സംശയിക്കുന്നെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. പി. ജയരാജന്‍ താനൂരിലെത്തി കൊലപാതകത്തിന് പദ്ധതി തയ്യാറാക്കിയെന്ന് സംശിക്കുന്നതായി പി.കെ. ഫിറോസ് പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ഫിറോസ് മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഒക്ടോബർ 11 വെള്ളിയാഴ്ച പി. ജയരാജൻ താനൂർ അഞ്ചുടിയിൽ എത്തി ഒരു വീട്ടിൽ യോഗം ചേർന്നിരുന്നുവെന്നും യോഗത്തില്‍ പ്രതികളും പങ്കെടുത്തിരുന്നുവെന്നും പി.കെ ഫിറോസ് ആരോപിക്കുന്നു. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആളുകള്‍ പി. ജയരാജനോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും യൂത്ത് ലീഗ് പുറത്തുവിട്ടു. ജയരാജൻ വന്നത് പ്രതികൾക്ക് ആത്മധൈര്യം നൽകാൻ ആണോ എന്ന് സംശയമുണ്ട്. മലപ്പുറത്തെ കലാപഭൂമി ആക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് പി.കെ ഫിറോസ് ആരോപിച്ചു. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും യൂത്ത് ലീഗ് വ്യക്തമാക്കി. ആവശ്യമെങ്കിൽ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.