മലപ്പുറം: കാർഷിക രംഗത്തെ ഒഴിച്ചു കൂടാനാവാത്ത ആഘോഷമായി മാറുകയാണ് കാളപ്പൂട്ട്. കേരള സംസ്ഥാന കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടത്തിയ കാളപ്പൂട്ട് പരിപാടി പി.പി ജാഫർ, കാഞ്ഞിരാടൻ ബ്രദേഴ്സ് എന്നിവരാണ് സംഘടിപ്പിച്ചത്. 90 ജോടി കാളകൾ പങ്കെടുത്ത മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ഓരോ ജോടിയും ഓടിയെത്തിയത്. ഒതുക്കുങ്ങല്‍ കുരുണിയൻ മോന്‍റെ കാളകളാണ് ഒന്നാമതെത്തിയത്.
എൻസി ഗ്രൂപ്പ് വളാഞ്ചേരി, ചീക്കോട് പി.കെ ചെറിയാപു, സുഹൈൽ മോൻ , നീതി അഷ്റഫ് കൻമനം എന്നിവര്‍ യഥാക്രമം രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങൾ നേടി. പാടത്ത് നാല് മൂലയിലായി സ്ഥാപിച്ചിരിക്കുന്ന ബോളിലും റിങ്ങിലും തട്ടാതെ ഓടിയെത്തണം. മത്സരത്തിൽ പങ്കെടുക്കാൻ വലിയ തുക ചെലവാക്കി ആണ് കാളകളെ എടുക്കുന്നത്. വർഷത്തിൽ നാലോ അഞ്ചോ തവണ മാത്രമാണ് ഓട്ടം. ഇതിനായി ലക്ഷങ്ങൾ മുടക്കാൻ ഇവർക്ക് യാതൊരു മടിയുമില്ല. നിവരധിയാളുകൾക്ക് ഇത് വരുമാന മാർഗവുമാണ്. സുഭിക്ഷമായ ഭക്ഷണ രീതിയും എസിയുമടക്കമുള്ള സൗകര്യങ്ങൾ കാളകൾക്ക് നല്‍കുന്നവരുമുണ്ട്. ആയിരങ്ങളാണ് മത്സരം കാണാനായെത്തിയത്. ഇവർക്കെല്ലാം ഭക്ഷണവും കമ്മിറ്റി ഒരുക്കിയിരുന്നു.