മലപ്പുറം: ഉടമയും കുടുംബവും മുങ്ങിയതിനെ തുടര്‍ന്ന് പട്ടിണിയിലായ പക്ഷി - മൃഗാദികള്‍ക്ക് കാരുണ്യ ഹസ്തവുമായി എമര്‍ജന്‍സി റെസ്ക്യൂ ഫോഴ്സ്. പെരിന്തല്‍മണ്ണ താഴേക്കോട് പഞ്ചായത്തില്‍ എട്ടാം വാര്‍ഡിലെ ഒരു താമസക്കാരനാണ് വീട്ടില്‍ വളര്‍ത്തിയിരുന്ന പക്ഷിമൃഗാദികളെ ഉപേക്ഷിച്ച് മുങ്ങിയത്.
ഒരു പെണ്‍ കുതിരയും കുഞ്ഞും, മൂന്ന് നായകള്‍, കാടപക്ഷികള്‍, ലൗ ബേര്‍ഡ്സ്, ഒരു കാളക്കുട്ടി എന്നിവയെ ഉപേക്ഷിച്ചാണ് ആലപ്പുഴ മാന്നാര്‍ സ്വദേശിയും നിരവധി കേസുകളില്‍പ്പെട്ടയാളുമായ വീട്ടുടമസ്ഥന്‍ മുങ്ങിയത്. നാല് ഭാര്യമാരുള്ള ഇയാള്‍ മൂന്നാം ഭാര്യയുടെ വിലകൂടിയ കാര്‍, പണം, സമ്പാദ്യം എന്നിവയുമായി മറ്റൊരു ഭാര്യയോടൊപ്പമാണ് മുങ്ങിയത്.
ഇതോടെ ഇയാളുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന പക്ഷി - മൃഗാദികള്‍ കഴിഞ്ഞ അഞ്ച് ദിവസമായി പട്ടിണിയിലായിരുന്നു. വിവരമറിഞ്ഞ് അബ്ദുല്‍ മജീദ്, ബിബിന്‍പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ എമര്‍ജന്‍സി റെസ്ക്യൂ ഫോഴ്സിലെ അഞ്ച് അംഗങ്ങള്‍ താഴേക്കോട്ടത്തെി വിശന്ന് വലഞ്ഞ ഇവക്ക് ഭക്ഷണവും വെള്ളവും നല്‍കി. തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസിന്‍റെ അനുമതിയോടെ പക്ഷി മൃഗാദികളെ എടക്കരയിലെ മൃഗസ്നേഹിയായ ആനന്ദിന്‍റെ വീട്ടിലത്തെിച്ചു.
താഴേക്കോട് പഞ്ചായത്ത് പ്രസിഡന്‍റും, മറ്റ് ജനപ്രതിനിധികളും ചീഫ് വെറ്ററിനറി സര്‍ജന്‍ അബ്ദുല്‍ അസീസിന്‍റെ നിര്‍ദേശ പ്രകാരം ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറും എമര്‍ജന്‍സി റെസ്ക്യൂ ഫോഴ്സിന് സഹായ ഹസ്തവുമായി സ്ഥലത്തത്തെിയിരുന്നു. ഇവര്‍ക്ക് പുറമെ പൊതു പ്രവര്‍ത്തകയും ഹ്യൂമണ്‍ സൊസൈറ്റി ഇന്‍റർനാഷണലിന്‍റെ പ്രവര്‍ത്തകയുമായ സാലി കണ്ണനും ഇവര്‍ക്ക് സഹായത്തിനെത്തിയിരുന്നു.