മലപ്പുറം: കൊവിഡ് 19 മഹാവ്യാധിക്കെതിരെ പൊരുതുന്ന സംസ്ഥാന സര്‍ക്കാരിനും ആരോഗ്യ വകുപ്പിനും വീണ്ടും അഭിമാനം. മലപ്പുറം ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്ന രണ്ടാമത്തെയാളും രോഗം ഭേദമായി ആശുപത്രി വിട്ടു. തിരൂർ പൊന്മുണ്ടം സ്വദേശി മുഹമ്മദ് മുസ്‌തഫയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവൺമെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് 13 ദിവസം നീണ്ട വിദഗ്‌ധ ചികിത്സയ്ക്കും പ്രത്യേക നിരീക്ഷണത്തിനും ശേഷമാണ് മടങ്ങിയത്. കൊവിഡ് വൈറസിനെ അതിജീവിച്ച് പുതു ജീവിതത്തിലേക്ക് മുസ്തഫ ചുവടുവെച്ച ആ അഭിമാനം മുഹൂർത്തം ആശുപത്രി ജീവനക്കാരും സ്വീകരിക്കാനെത്തിയവരും ചേർന്ന് മധുരം പങ്കിട്ട് അവിസ്മരണീയമാക്കി.
ദുബൈയില്‍ നിന്ന് മാര്‍ച്ച് 21ന് നാട്ടിലെത്തിയത് മുതല്‍ ആരോഗ്യ വകുപ്പിന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് മാതൃകയായ പ്രവാസി കൂടിയാണ് മുഹമ്മദ് മുസ്തഫ. സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെങ്കിലും വൈറസ് ബാധ സ്ഥിരീകരിച്ചത് മുതല്‍ ഇദ്ദേഹത്തിന്‍റെ വീട്ടുകാരെല്ലാം വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ്. സംസ്ഥാന സര്‍ക്കാരിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും ആശുപത്രി ജീവനക്കാരുടെയും പ്രവര്‍ത്തനങ്ങളാണ് മുസ്‌തഫക്ക് വേഗത്തില്‍ കൊവിഡ് രോഗമുക്തി നേടാന്‍ സഹായിച്ചതെന്ന് പഞ്ചായത്ത് മെമ്പറും മുസ്തഫയുടെ വാർഡ് അംഗവുമായ അബ്‌ദുൾ ഗഫൂർ പറഞ്ഞു. ജില്ലയിലെ ആദ്യ കൊവിഡ് ബാധിത വണ്ടൂര്‍ വാണിയമ്പലം സ്വദേശിനി മറിയക്കുട്ടിയും അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സിച്ച ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവരെല്ലാം കരഘോഷങ്ങളോടെയാണ് മുഹമ്മദ് മുസ്തഫയെ വീട്ടിലേക്ക് യാത്രയാക്കിയത്. ഇനിയും 14 ദിവസം കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാനാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.