മലപ്പുറം: കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണ മിശ്രിതവുമായി രണ്ട് വിമാനയാത്രികർ പിടിയിൽ. അമരമ്പലം സ്വദേശി നവാസ്(29), കോഴിക്കോട് ചെങ്ങോട്ടുകാവ് സ്വദേശി നിസാർ(45) എന്നിരാണ് പിടിയിലായത്. ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം ഒരു കോടി രൂപ വില മതിക്കുന്ന 2.1 കിലോഗ്രാം സ്വർണ മിശ്രിതം ഇവരിൽ നിന്നും കോഴിക്കോട് എയർ കസ്റ്റംസ് ഇന്‍റലിജൻസ് ഉദ്യോഗസ്ഥരും ഡി ആർ ഐ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടുകയായിരുന്നു.
സ്‌പേസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽ നിന്നും വന്ന നവാസിൽ നിന്നും 1056 ഗ്രാം തൂക്കം വരുന്ന നാല് കാപ്‌സ്യൂളുകളാണ് എയർ കസ്റ്റംസ്‍ ഉദ്യോഗസ്ഥർ പിടികൂടിയത്. കള്ളക്കടത്തു സംഘം നവാസിന് ടിക്കറ്റ് എടുത്തു നൽകുകയും 50000 രൂപ പ്രതിഫലം വാഗ്‌ദാനം ചെയ്യുകയും ചെയ്‌തിരുന്നു. എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ നിസാറിൽ നിന്നും 1060 ഗ്രാം തൂക്കം വരുന്ന നാല് കാപ്‌സ്യൂളുകൾ ആണ് ഡി ആർ ഐ ഉദ്യോഗസ്ഥരും എയർ കസ്റ്റംസ്‍ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് സ്വർണമിശ്രിതം വേർതിരിച്ചെടുത്ത ശേഷം കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തും.