മലപ്പുറം: പഴമയുടെ ഓണാഘോഷത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നായിരുന്നു ഓണവില്ലിന്‍റെ താളം. മഹാബലിയെ തിരുവോണ നാളിൽ ഓണവില്ല് കൊട്ടി വേണം പൂജിക്കാൻ എന്നാണ് പഴമക്കാർ പറയാറുള്ളത്. ഓണവില്ലിന് താളമില്ലെങ്കിൽ തൃക്കാക്കരയപ്പൻ മുറ്റത്ത് കയറില്ല എന്ന് നാട്ടു ചൊല്ല്. ചിങ്ങമാസം ആണ് ഓണവില്ലിന്‍റെ കാലം. മുള, കവുങ്ങ്, കരിമ്പന എന്നിവ ഉപയോഗിച്ചാണ് ഓണവില്ല് നിർമിക്കുന്നത്. പ്രത്യേക ഗുണമുള്ള കവുങ്ങിൻ കഷ്‌ണം കൊണ്ട് ചവിട്ടി വളച്ച് കരിങ്ങാലി മുള കൊണ്ട് കൂട്ടിക്കെട്ടും. അതിൽ കവുങ്ങിന്‍റെ കോലുപയോഗിച്ചാണ് താളം ഇടുക.
എന്നാൽ കാലം മാറിയതോടെ ഓണാഘോഷത്തിൽ നിന്നും ഓണവില്ല് പതുക്കെ മാഞ്ഞു തുടങ്ങി. ഇന്ന് ഓണവില്ലിനെ പറ്റി അറിയുന്നവർ പോലും ചുരുക്കമാണ്. മലബാറിലെ ഓണവില്ലിൻ പാരമ്പര്യത്തെ ഇന്നും തനിമ നഷ്ടപ്പെടാതെ തുടർന്ന് കൊണ്ടുപോവുകയാണ് കോട്ടൂരിലെ തെക്കേ പുരക്കൽ കുട്ട്യാത്തയും മകൻ മധുവും. തലമുറകളായി കൈമാറി കിട്ടിയ ഓണവില്ല് നിർമാണം ഇന്നും മുടക്കം വരാതെ തുടർന്നു പോകുന്നു. ഓണക്കാലം ആവുമ്പോൾ ഓണവില്ലിന് ആവശ്യക്കാർ എത്താറുണ്ടെങ്കിലും നിർമ്മാണ വസ്തുക്കളുടെ അഭാവമാണ് ഇപ്പോൾ നേരിടുന്ന പ്രധാന തടസം. ഓണവില്ല് കാണാനും വാങ്ങിക്കാനുമായി ഒട്ടേറെ ആളുകൾ എത്താറുണ്ടെന്ന് മധു പറയുന്നു
ഓണത്തിന് ഓണവില്ല് വലിയ തറവാടുകളിൽ കാഴ്ചവെക്കുന്ന പതിവുമുണ്ടായിരുന്നു. ഇടക്ക കൊട്ടുന്ന പോലെ ശരീരത്തിനോട് ചേർത്തുവച്ചാണ് ഓണവില്ലിൽ താളങ്ങൾ ഉണ്ടാക്കുന്നത്. ആവശ്യക്കാർക്ക് നിർമിച്ചു കൊടുത്തും പുതുതലമുറയെ ഓണവില്ല് കൊട്ടി പഠിപ്പിച്ചും ഈ ഓണ നാളുകളിലും തെക്കേപുരയ്ക്കൽ തറവാട്ടിൽ ഓണവില്ലിന്‍റെ ശബ്‌ദമാധുര്യം നിറഞ്ഞു നിൽക്കുന്നു.