മലപ്പുറം: കക്കുളത്തെ ഒമാനൂർ നേർച്ചപ്പെട്ടി തകർത്ത് പണം കവർന്നു. കക്കുളം വേങ്ങശ്ശേരി ക്ഷേത്രത്തിലെ ഭണ്ഡാരവും തകർക്കാൻ ശ്രമിച്ച നിലയിലാണ്. മോഷണം നടത്തുന്നതിന്‍റെ സി.സി.ടി.വി ദൃശ്യം പാണ്ടിക്കാട് പൊലീസ് ശേഖരിച്ചു.
കക്കുളത്ത് റോഡരികിൽ സ്ഥാപിച്ച ഒമാനൂർ ശുഹാദാക്കളുടെ നേർച്ചപ്പെട്ടിയുടെ പൂട്ട് തകർത്താണ് പണം മോഷ്ടിച്ചത്. രാവിലെ സ്ഥലത്തെത്തിയ പ്രദേശവാസികൾ നേർച്ചപ്പെട്ടിയിലെ നാണയ തുട്ടുകൾ നിലത്ത് വീണ നിലയിൽ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. സമീപത്തെ കടയിലെ സി.സി.ടി.വി യിൽ നിന്ന് മോഷണം നടന്നുന്നതിന്‍റെ ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തു.
യമഹ എഫ്.ഇസെട് ബൈക്കിലെത്തിയ യുവാക്കളാണ് മോഷണം നടത്തിയിട്ടുള്ളതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കമ്പിപ്പാര ഉപയോഗിച്ച് നേർച്ചപ്പെട്ടി തകർക്കുന്നതും, ദൃശ്യങ്ങളിൽ കാണാം. ഒൻപത് മാസം മുൻപാണ് പെട്ടിയിൽ നിന്നും അവസാനമായി പണമെടുത്തിട്ടുള്ളതെന്ന് നാട്ടുകാർ പറഞ്ഞു. കൂടാതെ കക്കുളം വേങ്ങശ്ശേരി ക്ഷേത്രത്തിലെ ഭണ്ഡാരവും തകർക്കാൻ ശ്രമിച്ചിട്ടുണ്ട്.
വിഷ്ണുവിന്‍റെ ശ്രീകോവിലിന് മുൻപിലുള്ള ഭണ്ഡാരമാണ് തകർക്കാൻ ശ്രമിച്ചത്. മൂന്ന് അറകളുള്ള ഭണ്ഡാരത്തിന്‍റെ മുൻ ഭാഗത്തെ പൂട്ടാണ് തകർത്തത്. ഒന്നും മോഷണം പോയിട്ടില്ലന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാണ്ടിക്കാട് പൊലീസെത്തി തെളിവുകൾ ശേഖരിച്ചു.