മലപ്പുറം : ലോക്ക്ഡൗൺ നിലവിൽ വന്നതോടെ നിലമ്പൂർ നഗരത്തില്‍ ആഹാരം ലഭിക്കാതെ ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണം നൽകുന്ന പദ്ധതിയുമായി നിലമ്പൂർ നഗരസഭ. ഇതോടൊപ്പം ഭക്ഷ്യ കിറ്റ് വിതരണവും ആരംഭിച്ചതായി നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് പറഞ്ഞു.
പ്രാരംഭ ഘട്ടത്തിൽ നഗര പരിധിയിൽ കഴിയുന്ന അതിഥി തൊഴിലാളികൾക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്തു. ഈ പദ്ധതി ഏപ്രിൽ 14 വരെ തുടരുമെന്ന് നഗരസഭ അറിയിച്ചു. നഗരസഭാ കൗൺസിലർമാർ നൽകിയ ലിസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്നത്.
നഗരസഭാ പരിധിയിൽ തെരുവിൽ ഭിക്ഷാടനം നടത്തുന്നവർ, ആരോരും ഇല്ലാത്തവർ, കിടപ്പ് രോഗികൾ, അതിഥി തൊഴിലാളികൾ എന്നിവർക്ക് ദിവസം രണ്ടു നേരം വീതം ഭക്ഷണം നൽകും. നഗരസഭക്ക് കീഴിൽ ഉൾപ്പെടുന്ന പയ്യം പള്ളി, വീട്ടിക്കുത്ത് എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന രണ്ട് സാമൂഹ്യ അടുക്കളകളിൽ നിന്നുമാണ് ഭക്ഷണ പൊതികൾ തയ്യാറാക്കി നൽകുന്നത്. അതുപോലെ തന്നെ 1000 ഭക്ഷണ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. മൂന്ന് കിലോ അരി, ഒരു കിലോ പരിപ്പ്, രണ്ടു കിലോ ആട്ട, ഒരു കിലോ കിഴങ്ങ്, ഒരു കിലോ സവോള എന്നിവ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. നഗരസഭ റാപ്പിഡ് റെസ്പോൻഡ് ടീമിന്‍റെ നേതൃത്വത്തിലാണ് വിതരണം നടക്കുന്നത്. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.