മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അട്ടമറിച്ചെന്ന പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണങ്ങള്‍ തള്ളി നിലമ്പൂർ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്. പ്രതിപക്ഷ അംഗങ്ങളോട് ആലോചിച്ചാണ് ഒരോ തീരുമാനങ്ങളും എടുക്കുന്നതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു. കൊവിഡ് പോലും രാഷ്ട്രീയമാക്കുകയാണ് ഇടതുപക്ഷ കൗൺസിലർമാരെന്നും അവര്‍ കുറ്റപ്പടുത്തി.
കൂടെ നിന്ന് സമ്മതം പറയുകയും മാധ്യമങ്ങളെ കാണുപ്പോൾ മറ്റൊരു അഭിപ്രായം പറയുകയാണ് പ്രതിപക്ഷത്തിരിക്കുന്ന കൗണ്‍സിലര്‍ എൻ വേലുക്കുട്ടിയെന്ന് നഗരസഭാ വൈസ് ചെയർമാൻ പിവി ഹംസ പറഞ്ഞു. നഗരസഭ കണ്ടയ്‌ൻമെന്‍റ് സ്പോട്ടുകളായി നൽകിയ ഡിവിഷനുകളുടെ പേരുകൾ മാറി വന്ന സംഭവത്തിൽ വകുപ്പ് തല അന്വേഷണം വേണമെന്ന് സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയർമാൻ പാലോളി മെഹബൂബ് ആവശ്യപ്പെട്ടു.
നഗരസഭാ യോഗങ്ങളിൽ ഒപ്പം നിൽക്കുകയും ഭേദഗതികൾ നിർദ്ദേശിക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്നത് വേലുക്കുട്ടിയാണെന്ന് പൊതുമരാമത്ത് സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയർമാൻ എ.ഗോപിനാഥ് പറഞ്ഞു. കൊവിഡ് വന്ന ശേഷം സംസ്ഥാനത്ത് പ്രവാസികൾക്ക് ആദ്യമായി സൗജന്യ കിറ്റ് നൽകിയത് നിലമ്പൂർ നഗരസഭയാണെന്നും അദ്ദേഹം പറഞ്ഞു.