മലപ്പുറം : കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ യാത്രക്കാർ ഇല്ലാത്തതിനെ തുടർന്ന് ദക്ഷിണ റെയിൽവേ നിർത്തിവച്ച നിലമ്പൂർ കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് സർവീസ് പുനരാരംഭിച്ചു. ഏഴ് സ്ലീപ്പർ കോച്ചുകളും 2 എസി കോച്ചുകളും 4 സെക്കന്‍റ് ക്ലാസ് കോച്ചുകളും ഉൾപ്പെടെ 13 കോച്ചുകളുമായാണ് 15 ദിവസത്തിന് ശേഷം സർവീസ് പുനരാരംഭിച്ചത്.
ട്രെയിൻ സർവീസ് നിർത്തിവച്ചത് നിലമ്പൂരിൽ നിന്നും മറ്റ് ജില്ലകളിൽ ചികിത്സ തേടിയിരുന്ന രോഗികൾക്കും മറ്റ് യാത്രക്കാർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. എന്നാൽ ഇത് പുനരാരംഭിച്ചതോടെ നിലമ്പൂരിൽ നിന്ന് തിരുവനന്തപുരം ആർസിസി ഉൾപ്പെടെയുള്ള ആശുപത്രികളെ ആശ്രയിച്ചിരുന്ന രോഗികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
Also read: നെയ്യാർ ലയണ്‍ സഫാരി പാര്‍ക്കിലെ അവസാനത്തെ സിംഹവും ചത്തു
അതേസമയം ആദ്യത്തെ ലോക്ക്ഡൗണിന് ശേഷം പൂർണമായും റിസർവേഷൻ സംവിധാനത്തിലൂടെയാണ് രാജ്യറാണി സർവീസ് നടത്തുന്നത്. ഇതിനുപുറമെ നിലമ്പൂർ ഷൊർണൂർ പാതയിൽ സ്റ്റോപ്പുകളും വെട്ടിക്കുറച്ചു. നിലമ്പൂർ ഷൊർണൂർ പാതയിൽ എല്ലാ സ്റ്റേഷനുകളിലും രാജ്യറാണിക്ക് സ്റ്റോപ്പുകൾ ഉണ്ടായിരുന്നെങ്കിലും ലോക്ക്ഡൗണിന് ശേഷം സർവീസ് പുനരാരംഭിച്ചപ്പോൾ പെരിന്തൽമണ്ണയിലും വാണിയമ്പത്തും മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചത്.
നിലവിൽ നിലമ്പൂർ ഷൊർണൂർ പാതയിൽ ഓടുന്ന രാജ്യറാണിക്ക് പുറമേയുള്ള മറ്റ് ട്രെയിനുകൾ ഒന്നും തന്നെ ഇതുവരെ സർവീസ് പുനരാരംഭിച്ചിട്ടില്ല. ഇത് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന ദീർഘദൂര യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ദുരിതമാണ് സമ്മാനിക്കുന്നത്. വിഷയം ഇതിനകം ഏറെ പ്രതിഷേധങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.