മലപ്പുറം: കാട്ടാനകളുടെ കൊലവിളി പെരുകിയതോടെ മനുഷ്യജീവന്‍ പൊലിയുന്ന ദാരുണസംഭവങ്ങളാണ് നിലമ്പൂർ മേഖലയില്‍ നിന്നും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത്. നവംബര്‍ 12ന് മമ്പാട് വയോധികയെ കാട്ടാന ചവിട്ടിക്കൊന്നതാണ് അവസാനത്തെ സംഭവം. ഈ സാഹചര്യത്തില്‍ വനം വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം പോഷക സംഘടനയായ ആദിവാസി ക്ഷേമസമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ് എംആര്‍ സുബ്രഹ്മണ്യന്‍.
'ഭവന സന്ദര്‍ശനം മാത്രമാകരുത്, ഉദ്യോഗസ്ഥര്‍ ഉണരണം': കർഷകന്‍റെ കൃഷിയും മനുഷ്യ ജീവനും സംരക്ഷിക്കാൻ വനംവകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സുബ്രഹ്മണ്യന്‍ ആരോപിച്ചു. ജനങ്ങളുടെ എതിർപ്പ് ശക്തമാകുമ്പോൾ ഏതാനും കിലോമീറ്റർ സോളാർ വൈദ്യുതി വേലി നിർമിക്കും. ഇത് കുറച്ച് ദിവസങ്ങൾക്കുള്ളിൽ കാട്ടാനകൾ തന്നെ തകർക്കും. വൈദ്യുതി വേലിയും കിടങ്ങുകളുമല്ല വേണ്ടത്. കുങ്കിയാനകളെ കൊണ്ടുവന്ന് ആനകളെ കൊണ്ടുപോവുകയാണ് ചെയ്യേണ്ടത്.
മനുഷ്യ ജീവനുകള്‍ പൊലിയുമ്പോള്‍ സാധാരണഗതിയില്‍ ഒരു മരണ വീട് സന്ദര്‍ശിക്കുന്നതുപോലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സന്ദര്‍ശം. അതില്‍ക്കവിഞ്ഞ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സുബ്രഹ്മണ്യന്‍ വിമര്‍ശിച്ചു. ഈ രീതിയാണ് വനംവകുപ്പ് തുടരുന്നെങ്കില്‍ ശക്തമായ സമരമാര്‍ഗം ആദിവാസി ക്ഷേമസമിതി സ്വീകരിക്കുമെന്നും അദ്ദേഹം താക്കീതുനല്‍കി.
കാട്ടാനയുടെ അതിക്രമത്തിനെതിരായി പൊരുതിനിന്നു, ഒടുവില്‍ ആയിശയും: കാട്ടാനകളെ കൃഷിയിടത്തിൽ നിന്നും ഓടിച്ചിരുന്ന ഓടായിക്കൽ പരശുറാം കുന്നത്ത് ആയിശയാണ് (63) ഒടുവില്‍ കൊല്ലപ്പെട്ടത്. കണക്കൻ കടവ് ഭാഗത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചവിട്ടേറ്റ് ആന്തരികാവയവങ്ങള്‍ പുറത്തുവന്ന സ്ഥിതിയിലായിരുന്നു മൃതദേഹം. ആനയുടെ കാൽപ്പാടുകളും മൃതദേഹത്തിന് സമീപത്ത് പതിഞ്ഞിട്ടുണ്ട്. തനിച്ച് താമസിക്കുന്ന ആയിശ വീടിന് പുറത്ത് ഇറങ്ങിയ സമയത്ത് കാട്ടാനയുടെ മുന്നിൽപ്പെട്ടപ്പോഴാണ് സംഭവമെന്നാണ് നിഗമനം. രാവിലെ ടാപ്പിങിനായി പോവുമ്പോള്‍ ആയിശയുടെ ഭർത്താവിന്‍റെ അനുജൻ അസൈനാരാണ് മൃതദേഹം കണ്ടത്.
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 28 പേര്‍: വനംവകുപ്പും സർക്കാരുകളും മാറി മാറി വന്നാലും വന്യമൃഗശല്യം തടയാൻ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നിലമ്പൂര്‍ മേഖലയില്‍ നിന്നും ഉയരുന്ന പ്രധാന വിമര്‍ശനം. നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷൻ പരിധികളിലായി ഇതുവരെ കൊല്ലപ്പെട്ടത് 28 പേരാണ്. ഇതിൽ ആദിവാസികളും അതിഥി തൊഴിലാളികളും കുട്ടികളും സ്‌ത്രീകളും കർഷകരും ഉൾപ്പെടുന്നു. സർക്കാർ നഷ്‌ടപരിഹാരം നൽകി പതിവുപോലെ തടിയൂരുകയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
ALSO READ| മലപ്പുറത്ത് വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു
രാഷ്ട്രീയ പാർട്ടികൾ അവരുടെ കർഷക സംഘടനകളുടെ നേതൃത്വത്തില്‍ വനം വകുപ്പ് കാര്യാലയങ്ങളിലേക്ക് നിരവധി മാർച്ച് നടത്താറുണ്ടെങ്കിലും പരിഹാരം കാണാനായിട്ടില്ല. വനം വകുപ്പ് വാച്ചർമാരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിച്ച് കാവൽ ശക്തമാക്കിയാൽ ഒരു പരിധിവരെ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ തടയാൻ കഴിയും. എന്നാൽ ഉള്ള വാച്ചർമാരെ തന്നെ പിരിച്ചുവിടുകയും ജോലി ചെയ്യുന്നവർക്ക് ന്യായമായ തൊഴിൽ ദിനങ്ങൾ നൽകാത്ത അവസ്ഥയുമാണുള്ളത്. വകുപ്പ് ഇനിയും നടപടി ശക്തമാക്കിയില്ലെങ്കില്‍ കൂടുതൽ പേരുടെ ജീവനുകൾ പൊലിയാന്‍ ഇടവരുത്തുമെന്ന് പ്രദേശവാസികള്‍ ആശങ്ക പങ്കുവയ്‌ക്കുന്നു.