മലപ്പുറം: നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാത ഇനി 24 മണിക്കൂറും തുറക്കും. രാത്രി പത്തുമണിമുതല്‍ പുലര്‍ച്ചെ ആറുമണിവരെ അടച്ചിടാറുള്ള പാതയാണ് ഇനി 24 മണിക്കൂറും തുറക്കുന്നത്. യാത്രക്കാരുടേയും നിരവധി സംഘടനകളുടെയും നിവേദനത്തെ തുടര്‍ന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി ഇടപെടുകയും തിരുവനന്തപുരത്ത് എം.പിമാരുമായും റെയില്‍വേ ഉന്നത അധികൃതരുമായുളള കൂടികാഴ്ചയില്‍ ഈ വിഷയം അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് രാത്രി യാത്ര അനുമതി നല്‍കിയതായി സീനിയര്‍ ഓപ്പറേഷന്‍ മാനേജര്‍ അനന്തരാമന്‍ അറിച്ചു. നിലമ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ രണ്ട് പ്ലാറ്റ്‌ഫോം ഷെല്‍ട്ടര്‍ ഉടനടി നിര്‍മിക്കാന്‍ റെയില്‍വേ തയ്യാറാണെന്ന് പാലക്കാട് ഡിവിഷന്‍ റെയില്‍വേ മാനേജര്‍ പ്രതാപ് സിംഗ് ഷമിയും പി.വി അന്‍വര്‍ എം.എല്‍.എയും എം.പിക്ക് ഉറപ്പ് കൊടുക്കുകയും ചെയ്തു. ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്ന് രണ്ടാം പ്ലാറ്റ്‌ഫോമിലേക്കുള്ള ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കണമെന്ന ആവശ്യവും എം.പി അറിയിച്ചു.
രാത്രിയാത്ര അനുമതിയായതോടെ രാജ്യറാണി എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ പിടിച്ചിടുന്നത് ഒഴിവാക്കി, പുലര്‍ച്ചേ അഞ്ചരയോടെ നിലമ്പൂര്‍ സ്റ്റേഷനിലെത്തിക്കാവുന്ന തരത്തില്‍ ക്രമീകരണം നടത്തണമെന്ന ആവശ്യവും നിലവിലെ രണ്ടാം പ്ലാറ്റ്‌ഫോം ഉയര്‍ത്തണമെന്ന ആവശ്യവും പരിഗണിക്കാമെന്ന് ഡി.ആര്‍.എം ഉറപ്പു നല്‍കി. രാത്രിയാത്ര അനുമതിയാവുന്നതോടെ പകൽ നിർത്തിയിടുന്നതിന് പകരം രാവിലെ 7 മണിക്ക് ഡേ എക്സ്പ്രസ് ആരംഭിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
നേമം ടെർമിനൽ വരുന്നതോടെ രാജ്യറാണി കൊച്ചുവേളിക്ക് പകരം നേമം വരെ ദീർഘിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. രാജ്യറാണിയിൽ ഒരു അധിക സ്ലീപ്പർ കോച്ച്, ലേഡീസ് കമ്പാർട്ട്മെന്റ് എന്നിവ അനുവദിക്കാനും ആവശ്യപ്പെട്ടു. നിലമ്പൂർ-ഷൊർണൂർ റൂട്ടിലെ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോമുകളുടെ വീതി കൂട്ടലും ഉടനടി നടപ്പാക്കണമെന്നും പി.വി.അബ്ദുൽ വഹാബ് എം.പി. ആവശ്യപ്പെട്ടു. രാമം കുത്ത് അടിപാതക്ക് വേണ്ടി ഫണ്ടുകൾ അനുവദിച്ച ജനപ്രതിനിധികളെയും, സംഘടനകളെയും നിലമ്പൂർ റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ 'ഭൂതകാലത്തിൽ നിന്നൊരു പുകവണ്ടി' ചിത്രീകരിച്ച ഷരീഫ് നിലമ്പൂരിനേയും എം.പി അഭിനന്ദിച്ചു.