മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. കേരളത്തിലെ ഓരോ തെരുവുകളിലും പ്രതിഷേധപരിപാടികള്‍ നടക്കുന്നതിനിടയില്‍ വിവാഹ വേദിയും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധമാക്കി മാറ്റിയിരിക്കുകയാണ് നവദമ്പതികള്‍. ഡിവൈഎഫ്‌ഐ എടക്കര ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ജിഷ്‌ണുവിന്‍റെയും പനങ്കയം പൂവണ്ണനിൽക്കുന്നതിൽ വീട്ടിൽ സംഗീതയുടെയും വിവാഹ വേദിയാണ് പ്രതിഷേധ വേദിയായത്.
എന്‍ആര്‍സിക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരായ ബാനർ വിവാഹവേദിയില്‍ വരനും വധുവും ഉയര്‍ത്തി. ഭരണഘടനാ മൂല്യങ്ങളെ തകർത്തെറിയുന്നതിനെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളും നവദമ്പതികളും ചേർന്ന് പ്രതിജ്ഞ ചൊല്ലി. ജനുവരി ഇരുപത്തിയാറിന് നടക്കുന്ന മനുഷ്യച്ചങ്ങലയിലും ഇരുവരും പങ്കാളിയാകും. കല്യാണ ഫ്ലക്‌സുകളിലും മുദ്രാവാക്യങ്ങള്‍ എഴുതിയിരുന്നു.