മലപ്പുറം: ജില്ലയിൽ വിവിധ സ്‌കൂളുകളില്‍ പുതുതായി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ഓണ്‍ലൈനായാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം നിര്‍വഹിച്ചത്. അഞ്ചച്ചവിടി ഗവ ഹൈസ്‌കൂളിന് നൂറാം വാർഷികത്തിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്‌ഘാടനവും വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി നിര്‍വഹിച്ചു. ശിലാ ഫലകം എംഎല്‍എ എപി അനിൽ കുമാർ അനാച്ഛാദനം ചെയ്‌തു. രണ്ടു ബ്ലോക്കുകളിലായി 16 ക്ലാസ് മുറികളാണ് നിർമ്മിച്ചിട്ടുള്ളത്. ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറിയാക്കി ഉയർത്തുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി കിഫ്‌ബി ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ഉദ്‌ഘാടനത്തോടനുബന്ധിച്ച് ബഹുജന ഘോഷയാത്രയും സംഘടിപ്പിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഗോപി താളിക്കുഴി അധ്യക്ഷത വഹിച്ചു. എസ്‌എംസി ചെയര്‍മാന്‍ കെടി കുഞ്ഞാപ്പ ഹാജി, ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ജസീറ, ബ്ലോക്ക് മെമ്പർ എപി നസീമാ ബീഗം, ജില്ലാ വിദ്യാഭ്യാസ യജ്ഞം കോഡിനേറ്റർ എം മണി, പഞ്ചായത്ത് അംഗങ്ങളായ സിപി ഷനില, കെ സുബൈദ തുടങ്ങിയവർ പങ്കെടുത്തു.