മലപ്പുറം: പ്രളയകാലത്ത് വീട് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച എരുമമുണ്ടിയിലെ മാടമ്പത്ത് ഇബ്രാഹിമിന്റെ കുടുംബത്തിന് ഇനി ഭയമില്ലാതെ ഉറങ്ങാം. ചെങ്കല്‍ ഉല്‍പാദക ഉടമസ്ഥ ക്ഷേമസംഘം ജില്ലാ കമ്മിറ്റിയാണ് തങ്ങളുടെ സഹപ്രവര്‍ത്തകന്‍റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കിയത്. 2018 ഓഗസ്റ്റ് പതിനാറിനുണ്ടായ കനത്ത മഴക്കും ഉരുള്‍പൊട്ടലിനും ശേഷം പതിനേഴിന് വീട് വൃത്തിയാക്കുന്നതിനിടെയാണ് ഇബ്രാഹിം ഷോക്കേറ്റ് മരിച്ചത്. ഇതോടെ ഭാര്യയും നാല് പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബം തനിച്ചായി. ഈ സാഹചര്യത്തിലാണ് ചെങ്കല്‍ ഉല്‍പാദക ഉടമസ്ഥ ക്ഷേമ സംഘം ഇബ്രാഹിമിന്‍റെ കുടുംബത്തിന് കൈത്താങ്ങായത്.
എരുമമുണ്ടയില്‍ തന്നെ അഞ്ച് സെന്റ് സ്ഥലം വാങ്ങിയാണ് വീട് നിര്‍മിച്ചത്. വീടിന്റെ തക്കോല്‍ദാനം ചെങ്കല്‍ ഉല്‍പാദക ഉടമസ്ഥ ക്ഷേമ സംഘം ജില്ലാ പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. വീട് നിർമ്മിച്ച് നൽകിയതിൽ സന്തോഷം ഉണ്ടെന്ന് ഇബ്രാഹിമിന്‍റെ കുടുംബാംഗങ്ങൾ പറഞ്ഞു. മൂന്ന് കിടപ്പുമുറി അടങ്ങുന്ന 1400 സ്ക്വയര്‍ ഫീറ്റ് വീടാണ് ഇവർക്കായി നിർമ്മിച്ച് നൽകിയിരിക്കുന്നത്. ചടങ്ങില്‍ ജില്ലാ സെക്രട്ടറി ഇ കെ അബ്ദു, സംസ്ഥാന ട്രഷറര്‍ മൊയ്‌തൂട്ടി ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് ഒ കെ സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.