മലപ്പുറം : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് ഇന്ന് മലപ്പുറം ജില്ലയില്‍ (Nava Kerala Sadas at Malappuram). രാവിലെ തിരൂര്‍ ബിയാന്‍കോ കാസിലില്‍ നടന്ന പ്രഭാത സദസോടെ പരിപാടികള്‍ക്ക് തുടക്കമായി. യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും നടത്തിയേക്കാവുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ജില്ലയില്‍ ഒരുക്കുന്നത്.
മൂന്ന് പ്രഭാത സദസുകൾ ഉൾപ്പെടെ ആകെ 19 പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്‌തിട്ടുള്ളത്. തിരൂർ, പൊന്നാനി, തവനൂർ, താനൂർ, തിരൂരങ്ങാടി മണ്ഡലങ്ങളിൽ നിന്നും ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം അതിഥികൾ പ്രഭാത സദസിൽ പങ്കെടുക്കുന്നുണ്ട്. ജില്ലയുടെ സമഗ്രമായ വിഷയങ്ങൾ ചർച്ച ചെയ്യും.
സദസിൽ പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ : നവകേരള സദസിലെ ലീഗ് സാന്നിധ്യം ചർച്ചയാകുന്നതിനിടെ പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ തിരൂരിലെ നവകേരള സദസിൽ പങ്കെടുത്തു. തിരൂരിലെ പ്രഭാത യോഗത്തിലാണ് ഹസീബ് സഖാഫ് തങ്ങൾ പങ്കെടുത്തത്. കക്ഷി രാഷ്ട്രീയം യോഗത്തിൽ പ്രസക്തമല്ല. വികസനമാണ് പ്രധാനമെന്ന് ഹസീബ് സഖാഫ് തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ അതിവേഗ പാത യാഥാർഥ്യമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്‌ലിം ലീഗ് നേതാവ് പി പി ഇബ്രാഹിമും യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് നേതാവ് സി മൊയ്തീനും നവകേരള സദസിനെത്തി. തിരുന്നാവായ മുൻ ബ്ലോക്ക് പ്രസിഡന്‍റായ സി മൊയ്തീനും പ്രഭാത യോഗത്തിലാണ് പങ്കെടുത്തത്. നവ കേരള സദസ്സിൽ പങ്കെടുക്കുന്ന നേതാക്കൾക്കെതിരെ യുഡിഎഫ് പകപോക്കൽ നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുഡിഎഫിന്റെ തെറ്റായ തീരുമാനത്തിന്‍റെ അനന്തര ഫലമാണ് യാത്രയിൽ നേതാക്കൾ പങ്കെടുക്കുന്നത്. തെറ്റായ തീരുമാനത്തിൽ പിടിച്ചു നിൽക്കാൻ കൂടുതൽ തെറ്റുകളിലേക്ക് പോവുകയാണ് യുഡിഎഫ് നേതൃത്വം. നവകേരള സദസില്‍ പങ്കെടുത്തവരോട് പകപോക്കൽ നടപടി വേണ്ടെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളോട് ആവശ്യപ്പെട്ടു.
കാമ്പസുകളിലെ ആഘോഷങ്ങളില്‍ സുരക്ഷ വേണം: മുഖ്യമന്ത്രി : കാമ്പസുകളില്‍ ആഘോഷ പരിപാടികള്‍ നടക്കുമ്പോള്‍ ആപത്ത് ഒഴിവാക്കുന്ന വിധം മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും അവ പാലിക്കുമെന്ന് കര്‍ശനമായി ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട് എന്ന് മുഖ്യമന്ത്രി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്വരമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ കുസാറ്റ് ക്യാമ്പസിലെ അപകടത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തില്‍ മരിച്ച താമരശ്ശേരി സ്വദേശി സാറ തോമസിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ താമരശ്ശേരി അല്‍ഫോന്‍സ സ്‌കൂളില്‍ പോയതായും അദ്ദേഹം പറഞ്ഞു.
അതേസമയം ഭവന നിര്‍മാണ പദ്ധതികളെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. 'ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 3,56,108 വീടുകള്‍ നിർമിച്ചപ്പോള്‍ 32,171 വീടുകള്‍ക്ക് മാത്രമാണ് പിഎംഎവൈ ഗ്രാമീണിന്‍റെ ഭാഗമായി 72,000 രൂപ സഹായം ലഭിച്ചത്. നമ്മൾ സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നൽകുന്നുണ്ട്.
പിഎംഎവൈ അർബന്‍റെ ഭാഗമായി 79,860 വീടുകള്‍ക്ക് 1,50,000 രൂപ കേന്ദ്രം നൽകി. എല്ലാം ചേർത്താലും ആകെ 1,12,031 വീടുകള്‍ക്ക് (31.45%) മാത്രമാണ് ഈ തുച്ഛമായ കേന്ദ്രസഹായം ലഭിച്ചത്. പിഎംഎവൈ ഗ്രാമീണിൽ മൂന്ന് വർഷമായി ടാർഗറ്റ് നിശ്ചയിച്ച് തന്നിട്ടില്ല, അതിനാൽ പുതിയ വീടുകൾ അനുവദിക്കാൻ ഈ മേഖലയിൽ ഇപ്പോൾകഴിയുന്നില്ല.
എന്നിട്ടും കേന്ദ്രം പറയുന്നത്, ലൈഫ് പദ്ധതിയിലെ വീടുകള്‍ക്ക് കേന്ദ്രത്തിന്‍റെ ബ്രാന്‍ഡിങ് വേണം എന്നാണ്. ലൈഫ് വീടുകള്‍ ഒരു ബ്രാന്‍ഡിങ്ങുമില്ലാതെ പൂര്‍ത്തിയാക്കി ജനങ്ങള്‍ ജീവിക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. എങ്ങനെ ലഭിച്ച വീടാണെന്ന ആ കാഴ്‌ചപ്പാടിനാണ് വിരുദ്ധമാണ് കേന്ദ്ര നിലപാട്. ഞങ്ങളുടെ പേര് വെക്കുന്നുണ്ടെങ്കിൽ പറയാം. അതും വക്കുന്നില്ലല്ലോ.
ഇത് ജനങ്ങളുടെ അവകാശമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നാല്‍ ആരുടെയെങ്കിലും സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് പണം ചെലവഴിക്കുന്ന പദ്ധതികള്‍ അല്ല. ഇന്നാട്ടിലെ ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ഉള്‍പ്പെടെ പൊതു സമ്പത്ത് വിനിയോഗിക്കുന്ന പദ്ധതികളാണ്' -മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളം സാമൂഹിക ഉന്നമനത്തിന്‍റേതായ എല്ലാ സൂചികകളിലും മുന്നിലാണ്. ആ മുന്നേറ്റത്തെ ഒരു ശിക്ഷ മാര്‍ഗമായി കാണുകയാണ് കേന്ദ്രസര്‍ക്കാര്‍. ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കേണ്ട വിഹിതം വര്‍ഷങ്ങളായി ഗുണഭോക്താക്കള്‍ക്ക് കേരളമാണ് വിതരണം ചെയ്യുന്നത്. ഇനി കുടിശ്ശികയില്ല എന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്‌താവന യഥാർഥത്തിൽ തെറ്റിദ്ധരിപ്പിക്കലാണ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.