മലപ്പുറം: തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് നിലമ്പൂരിൽ പൂർണം. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ സർവീസ് നടത്തുന്നില്ല. ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയിട്ടുള്ളത്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ബാങ്കിങ്, ടെലികോം, ഇൻഷുറൻസ്, റെയിൽവേ ജീവനക്കാർ ഉൾപ്പെടെ പണിമുടക്കിൽ പങ്കെടുക്കുന്നു.
കേന്ദ്ര സർക്കാറിൻ്റെ തൊഴിൽ വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് 24 മണിക്കൂർ ദേശീയ പണിമുടക്ക്. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് നിലമ്പൂരിൽ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
പ്രകടനത്തിന് ശേഷം നടന്ന യോഗത്തിൽ ടി. വെങ്കിടേശ്വരൻ, ചോലയിൽ റഹിം, റസിയ, രാജഗോപാൽ നിലമ്പൂർ തുടങ്ങിയവർ സംസാരിച്ചു. ബി.എം.എസ് ഒഴികെയുള്ള മുഴുവൻ തൊഴിലാളി സംഘടനകളും ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. എടക്കര, ചുങ്കത്തറ, അകമ്പാടം, അമരമ്പലം, മമ്പാട്, വഴിക്കടവ്, പോത്തുകൽ, മൂത്തേടം എന്നിവിടങ്ങളിലും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനങ്ങൾ നടന്നു.