മലപ്പുറം: കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ ജോര്‍ജ് കുട്ടിയെ പിടികൂടി. മലപ്പുറം വണ്ടൂരില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി നടത്തിയ വെടിവെപ്പില്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ മനോജിന് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ മനോജിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരിക്കുകയാണ്. എക്സൈസ് കമ്മീഷണർ ആനന്ദ കൃഷ്ണന്‍റെ നേത്യത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇരുപത്തിയേഴിന് രാത്രി ജോര്‍ജ് കുട്ടി ബംഗലൂരുവില്‍ എത്തിയതായി വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നതിനും ഒളിത്താവളം ഒരുക്കുന്നതിനും സഹായിച്ചവരെ എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു. കുഞ്ഞുണ്ണി എന്ന അനിരുദ്ധന്‍, മുഹമ്മദ് ഷാഹീര്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.
20 കോടി വില വരുന്ന ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ ജോർജ് കുട്ടി ഈ മാസം നാലിന് ബംഗലൂരുവിൽ വച്ച് തെളിവെടുപ്പിനിടെയാണ് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടത്. മുന്‍പും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്‍പ്പിച്ചത് അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജോർജ് കുട്ടി.