ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പോപ്പുലര്‍ ഫ്രണ്ട് - എസ് ഡി പി ഐ നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തി മുസ്ലീം ലീഗ്. കൊണ്ടോട്ടിയിലെ കെ ടി ഡി സി ഹോട്ടലിലാണ് ചർച്ച നടന്നത്. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ മുസ്ലീം ലീഗ് സ്ഥാനാർഥി പി കെ കുഞ്ഞാലിക്കുട്ടി, പൊന്നാനി മണ്ഡലം സ്ഥാനാർഥി ഇ ടി മുഹമ്മദ് ബഷീര്‍, പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരം, എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തുന്ന നേതാക്കളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
അതേ സമയം കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇ ടി മുഹമ്മദ് ബഷീര്‍ രംഗത്ത് വന്നു. പ്രചരണം അടിസ്ഥാന രഹിതമാണെന്നും എസ് ഡി പി ഐ നേതാക്കളെ അവിചാരിതമായി കണ്ടെതാണെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിൽ തോൽവി ഭയന്നാണ് എസ് ഡി പി ഐ-പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി മുസ്ലീം ലീഗ് കൂടിക്കാഴ്ച നടത്തിയതെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പ്രതികരിച്ചു. ലീഗിന്റെ മതേതര മുഖംമൂടി അഴിഞ്ഞുവീണെന്നും അദ്ദേഹം പറഞ്ഞു.