മലപ്പുറം: മഞ്ചേരിയിൽ നഗരസഭ കൗൺസിലർ തലാപ്പിൽ അബ്‌ദുൽ ജലീലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിലായതായി സൂചന. ഇവരുടെ പേര് വിവരങ്ങൾ ഒന്നും പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നാൽ ജലീലിനെ ആക്രമിച്ച സംഘത്തിൽ മൂന്നു പേരായിരുന്നു ഉണ്ടായിരുന്നത്.
ഇതിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും ഒരാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ചൊവ്വാഴ്‌ച(29/03/2022) രാത്രിയിലാണ് മഞ്ചേരി 16-ാം വാർഡ് കൗൺസിലറും മുസ്ലിം ലീഗ് നേതാവുമായ തലാപ്പിൽ അബ്‌ദുൽ ജലീലിന് നേരെ പയ്യനാട് വെച്ച് അജ്ഞാത സംഘത്തിന്‍റെ ആക്രമണം ഉണ്ടായത്.
ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടയിൽ ബുധനാഴ്‌ച രാത്രി ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
അബ്‌ദുൽ ജലീലിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മഞ്ചേരി നഗരസഭയിൽ യുഡിഎഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ പുരോഗമിക്കുന്നു. പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ പൊതുവാഹനങ്ങൾ ഒന്നും തന്നെ തടയില്ല എന്ന് നേതാക്കൾ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ കടകമ്പോളങ്ങൾ എല്ലാം തന്നെ ഒരുവിധം അടഞ്ഞുകിടക്കുകയാണ്.
മഞ്ചേരി നഗരത്തിൽ കറുത്ത കൊടിയും നാട്ടിയിട്ടുണ്ട്. രാവിലെ ആറ് മണി മുതൽ ഖബറടക്കം ചെയ്യുന്ന ഉച്ചക്ക് ഒരു മണി വരെയാണ് ഹര്‍ത്താൽ. മൃതദേഹം നിലവിൽ പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണുള്ളത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മഞ്ചേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. ശേഷം അദ്ദേഹത്തിന്‍റെ വസതിയായ കിഴക്കേതലയിലേക്ക് കൊണ്ടു പോകും ഖബറടക്കും.
Also Read: ചുട്ടുപൊള്ളി തെലങ്കാന: ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്