മലപ്പുറം : കടബാധ്യതയിൽ വീർപ്പുമുട്ടി ആത്മഹത്യയുടെ വക്കുവരെയെത്തിയ പാലായിലെ ബിന്ദുവും കുടുംബവും തിരിച്ചുകിട്ടിയ ജീവിതത്തിന് നന്ദി അറിയിക്കാൻ പാണക്കാട്ടെത്തി. വീട് ജപ്‌തി ചെയ്യുമെന്ന ഭീഷണിയിൽ ആകെ തകർന്ന അവസ്ഥയിലാണ് പാണക്കാട് സയ്യദ് മുനവറലി ശിഹാബ് തങ്ങൾ ബിന്ദുവിനെയും കുടുംബത്തെയും സഹായിക്കാനായി എത്തിയത്.
അഞ്ചുലക്ഷം രൂപയാണ് ജപ്‌തി നടപടികളൊഴിവാക്കാന്‍ വേണ്ടിയിരുന്നത്. മറ്റ് വഴികളെല്ലാം അടഞ്ഞതോടെ ‘പാണക്കാട് മുനവറലി ശിഹാബ് തങ്ങളോടോ ആ കുടുംബത്തിലെ വേറെ ആരോടെങ്കിലുമോ ഞങ്ങളുടെ കാര്യം ആരെങ്കിലും പറയുമോ' എന്നായിരുന്നു ബിന്ദുവിന്‍റെ അഭ്യർഥന.
Also Read: ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ലഖ്‌നൗ വിമാനത്താവളത്തിൽ തടഞ്ഞു ; പ്രതിഷേധം
പോസ്റ്റ് കണ്ട് രാത്രി ഒരു മണിക്ക് ഫേസ്ബുക്കിൽ ബിന്ദുവിനെയും കുടുബത്തേയും സഹായിക്കണമെന്ന് മുനവറലി തങ്ങള്‍ അഭ്യര്‍ഥിച്ചതോടെ ബിന്ദുവിന്‍റെ മകൾ വിഷ്‌ണുപ്രിയയുടെ അക്കൗണ്ടിലേക്ക് പണമെത്തിത്തുടങ്ങി. വൈകാതെ പ്രശ്‌നം പരിഹരിക്കപ്പെട്ടു.
പാലാ പൈകയിലാണ് ബിന്ദുവും കുടുംബവും താമസിക്കുന്നത്. ഭർത്താവ് ഹൃദ്രോഗിയും വൃക്കരോഗിയുമാണ്. അഞ്ചുസെന്‍റ് ഭൂമിയും വീടും ബാങ്കിൽ പണയപ്പെടുത്തി അഞ്ച് ലക്ഷം രൂപ വായ്‌പയെടുത്താണ് ചികിത്സ നടത്തിയത്.
ചെറിയൊരു ചായക്കടയുണ്ടെങ്കിലും കുടുംബത്തിന്‍റെ ചെലവിനും ചികിത്സയ്ക്കും അത് തികയാതായി. ലോക്ക്‌ഡൗണിൽ കച്ചവടമില്ലാതായതോടെ തിരിച്ചടവ് മുടങ്ങി. ഇതിനിടെയാണ് ജപ്‌തി നോട്ടിസ് പതിപ്പിച്ചത്. രണ്ട് മക്കളുമായി തെരുവിലേക്കിറങ്ങേണ്ട സാഹചര്യമാണ് മുനവറലി തങ്ങളുടെ ഇടപെടൽ വഴി ഒഴിവായത്.