മലപ്പുറം: വലുതും ചെറുതുമായ ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നു പോകുന്ന പുത്തലം മുല്ലപ്പള്ളി ജങ്ഷനിലെ ഗതാഗത കുരുക്ക് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ചില സമയങ്ങളിൽ ഗതാഗത കുരുക്ക് അരീക്കോട് അങ്ങാടി വരെ നീളും. റോഡ് നവീകരണം മാത്രമാണ് ഏക പരിഹാരം.
മാതൃകയായി മൂന്ന് പള്ളികൾ
നാട്ടിലെ ഗതാഗത കുരുക്കും ജനങ്ങളെ ബുട്ടിമുട്ടും ഇല്ലാതാക്കാൻ സ്ഥലം നൽകി മാതൃകയാവുകയാണ് മൂന്ന് മുസ്‌ലിം പള്ളികൾ. വാഴയിൽ പള്ളി, മുല്ലപ്പള്ളി, അങ്ങാടിപ്പള്ളി എന്നീ പള്ളികളാണ് നാടിനാകെ മാതൃകയാവുന്നത്. ഇതോടെ പുത്തലം ജങ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരമാവും.
ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള അരീക്കോട് അങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന വാഴയിൽ പള്ളി പ്രധാന ഭാഗങ്ങളെല്ലാം പൊളിച്ചു മാറ്റിയാണ് റോഡിന് വേണ്ടി സ്ഥലം നൽകുന്നത്. ഈ പ്രദേശത്ത് ഭൂമിക്ക് പൊന്നിൻവിലയാണ്. നൂറു വർഷം പഴക്കമുള്ള പുത്തലം അങ്ങാടിയിൽ സ്ഥിതിചെയ്യുന്ന മുല്ലപ്പള്ളിയും സമാന രീതിയില്‍ തന്നെയാണ് സ്ഥലം നല്‍കാൻ ധാരണയായത്. മൂന്നാമത്തെ പള്ളിയായ അരീക്കോട് അങ്ങാടിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ടൗൺ ജുമുഅ മസ്‌ജിദ് എന്ന അങ്ങാടിപ്പള്ളിയും സ്ഥലം വിട്ടുനൽകി. പള്ളിയുടെ വരുമാന മാർഗമായ കെട്ടിടം പൊളിച്ചു നീക്കിയും പള്ളിയുടെ ആകെയുള്ള മുറ്റം റോഡ് നവീകരണത്തിന് നല്‍കിയുമാണ് അങ്ങാടിപ്പള്ളി ഈ ദൗത്യത്തിൽ പങ്കാളികളാവുന്നത്.
ആവേശത്തോടെ അരീക്കോടുകാർ
നാടിന്‍റെ വികസനത്തിനുവേണ്ടി പള്ളിയുടെ സ്ഥലം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് അരീക്കോട് അങ്ങാടിപ്പള്ളി ഭാരവാഹികൾ പറയുന്നു. ഒറ്റക്കെട്ടായാണ് പള്ളിഭാരവാഹികള്‍ ഈ തീരുമാനം എടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ.ഡി അബ്ദുൽ ഹാജി പറയുന്നു.