മലപ്പുറം : പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ തപാൽ വോട്ടുപെട്ടി കാണാതായ സംഭവം അതീവ ഗുരുതര വിഷയമെന്ന് ഹൈക്കോടതി. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന കെപിഎം മുസ്‌തഫ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബദറുദ്ദീന്‍റെ പരാമര്‍ശം. ഹൈക്കോടതിയിൽ എത്തിച്ച ബാലറ്റുപെട്ടി കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കാനും തീരുമാനമായി.
അതേസമയം പെട്ടി കാണാതായ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് നജീബ് കാന്തപുരം എം.എൽ.എ. വിഷയത്തിൽ കോടതിയുടേയോ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെയോ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് നജീബിന്‍റെ അഭിഭാഷകൻ കോടതിയില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിഷനെ കക്ഷിചേർക്കാനായി അപേക്ഷ സമർപ്പിക്കാൻ എതിർ ഭാഗത്തോട് ആവശ്യപ്പെട്ട കോടതി, ഹർജി ജനുവരി 31 ലേക്ക് മാറ്റി.
വോട്ടുപെട്ടി കാണാതായ സംഭവത്തിൽ സബ് കലക്‌ടര്‍ സമർപ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ തടസവാദം ഉന്നയിക്കാൻ എതിർഭാഗത്തിന് 10 ദിവസം സാവകാശം നൽകിക്കൊണ്ടാണ് കോടതി നടപടി. കഴിഞ്ഞ ദിവസമാണ് പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ കാണാതായ വോട്ടുപെട്ടി ജില്ല സഹകരണ രജിസ്‌ട്രാറുടെ മലപ്പുറത്തെ ഓഫിസില്‍ നിന്ന് കണ്ടെത്തിയത്.
തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എണ്ണാതെ പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ച പെട്ടികള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കെപിഎം മുസ്‌തഫ കോടതിയെ സമീപിച്ചിരുന്നു. മുസ്‌തഫയുടെ ആവശ്യം കോടതി അംഗീകരിക്കുകയും പെട്ടികള്‍ മാറ്റാനായി ഉദ്യോഗസ്ഥരെത്തുകയും ചെയ്‌തു. അപ്പോഴാണ് സ്‌ട്രോങ് റൂമില്‍ നിന്ന് ഒരു പെട്ടി നഷ്‌ടപ്പെട്ടതായി കണ്ടെത്തിയത്.
എട്ട് മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവിലാണ് മലപ്പുറത്തെ ജില്ല സഹകരണ രജിസ്‌ട്രാറുടെ ഓഫിസില്‍ നിന്ന് പെട്ടി കണ്ടെത്തിയത്.