മലപ്പുറം: മാനദണ്ഡങ്ങൾക്ക് അപ്പുറമുള്ള സഹായമാണ് സംസ്ഥാനത്തിന് വേണ്ടതെന്നും കേന്ദ്രം മാനദണ്ഡങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കുകയാണെന്നും കൃഷി മന്ത്രി വി എസ് സുനിൽകുമാർ. നിലമ്പൂരിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച മന്ത്രി, രാഷ്‌ട്രീയം നോക്കിയല്ല സംസ്ഥാനങ്ങളെ സഹായിക്കേണ്ടതെന്നും പറഞ്ഞു. സംസ്ഥാന സർക്കാരിന് ഒറ്റക്ക് കാർഷിക കടങ്ങൾ എഴുതി തള്ളാനാവില്ലെന്നും കേന്ദ്രം വിവേചനം കാണിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. പോത്തുകല്ലിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്ത മന്ത്രി കവളപ്പാറ ഉൾപ്പടെയുള്ള പ്രദേശങ്ങൾ സന്ദര്ശിച്ചു.
കവളപ്പാറയില്‍ കണ്ടെത്താനുള്ള 11 പേർക്കായുള്ള തെരച്ചിൽ ഊർജിതമാകുമ്പോഴും ഇന്നലെയും ഇന്നും ആരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇന്നലെ രാത്രി പെയ്ത കനത്ത മഴ തെരച്ചില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ എല്ലാ പ്രദേശങ്ങളിലും തെരച്ചിൽ പൂർത്തിയായിട്ടുണ്ട്. ഒരിക്കൽ തെരച്ചിൽ നടത്തിയ ഭാഗങ്ങളിൽ തന്നെ കൂടുതൽ ആഴത്തിൽ മണ്ണ് നീക്കിയുള്ള പരിശോധനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.