മലപ്പുറം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ ഡോക്‌ടര്‍മാരടക്കം 118 പുതിയ നിയമനങ്ങള്‍ നടത്തിയതായി മന്ത്രി ഡോ.കെ.ടി.ജലീല്‍. ഇതില്‍ 24 പുതിയ ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുമുള്‍പ്പെടും. ജില്ലയിലെ 117 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ഇനി മുതല്‍ തുടര്‍ച്ചയായി വൈകിട്ട് ആറ് വരെ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് കൊവിഡ് പ്രത്യേക ചികിത്സാകേന്ദ്രമാക്കി മാറ്റിയതിനാല്‍ ഇവിടെയുള്ള മറ്റ് രോഗികളെ ജില്ലാ, താലൂക്ക് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ചെരണിയിലെ ജില്ലാ ടി.ബി.ആശുപത്രിയില്‍ 24 മണിക്കൂറും ആരോഗ്യ ചികിത്സാസേവനങ്ങള്‍ സജ്ജമാക്കിയതായും മന്ത്രി പറഞ്ഞു.
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വീടുകളില്‍ കഴിയുന്ന കാന്‍സര്‍ രോഗികള്‍, വൃക്ക മാറ്റിവെക്കുന്നതുള്‍പ്പടെയുള്ള ശസ്ത്രക്രിയക്ക് വിധേയരായവര്‍ എന്നിവര്‍ക്കുള്ള മരുന്നുകള്‍ വീടുകളില്‍ എത്തിച്ചുനല്‍കാന്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റികളുടെ സേവനം ഉപയോഗപ്പെടുത്തും. ഇത്തരത്തിലുള്ള മരുന്നുകള്‍ വാങ്ങാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് അതത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
കിടപ്പുരോഗികളെ ആശുപത്രികളിലെത്തിക്കുന്നതിനായി ആവശ്യമെങ്കില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന്‍റെ വാഹനങ്ങള്‍ ഉപയോഗപ്പെടുത്താം. ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ വഴി നല്‍കുന്ന ആനുകൂല്യങ്ങള്‍ മുടക്കം വരാതെ നോക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത കാണിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.