മലപ്പുറം: 'ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു. നാടിന്‍റെ കാര്‍ഷിക പാരമ്പര്യം നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും പദ്ധതിയിലൂടെ പുതിയ തലമുറക്ക് പഴയ കൃഷിരീതികളില്‍ നിന്നും ഭക്ഷണ ശീലങ്ങളില്‍ നിന്നും പുതിയ അറിവുകള്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. 2020 ജനുവരി ഒന്നു മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ വിഷരഹിത പച്ചക്കറി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതി ആരംഭിച്ചത്. ആരോഗ്യ വകുപ്പിന്റെ 'എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വം' എന്ന പദ്ധതിയുമായി സംയോജിപ്പിച്ചാണ് ജീവനി നടപ്പാക്കുന്നത്.
കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ 'പര്‍ജന്യ ' ഗ്രാമീണ സഹവാസ ക്യാമ്പിന്‍റെ ഉദ്ഘാടനവും നടന്നു. എടപ്പാള്‍ പൊറൂക്കര യാസ്‌പോ ക്ലബ്ബ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. കേരള കാര്‍ഷിക സര്‍വ്വകലാശാല എസ്‌റ്റന്‍ഷന്‍ ഡയറക്ടര്‍ ഡോ. ജിജു പി.അലക്‌സ്, വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളജ് അസോസിയേറ്റ് ഡീന്‍ ഡോ.സി.നാരായണന്‍ കുട്ടി എന്നിവര്‍ വിശിഷ്ടാതിഥികളായി. എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ബിജോയ്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.കെ നാരായണന്‍, എടപ്പാള്‍ കൃഷി ഓഫീസര്‍ എം.വി വിനയന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.