മലപ്പുറം: കിലോമീറ്ററുകള്‍ നീളുന്ന കാല്‍നട യാത്ര. കാട്ടാനകളടക്കം വിഹരിക്കുന്ന ചാലിയാര്‍ പഞ്ചായത്തിലെ പന്തീരായിരം ഉള്‍വനത്തിലേക്കാണ് മിനി ടീച്ചർ നടക്കുന്നത്. അമ്പുമല പണിയാര്‍ കോളനിയിലെ ബദല്‍ സ്‌കൂള്‍ അധ്യാപികയായ മിനി ടീച്ചര്‍ കാടുകയറുന്നത് കുട്ടികൾക്ക് വേണ്ടിയാണ്. കൊവിഡ് കാലമായതിനാല്‍ ബദല്‍ സ്‌കൂളില്‍ ഇപ്പോള്‍ ക്ലാസുകളില്ല. മൊബൈല്‍ ഫോണ്‍ സൗകര്യമില്ലാത്തതിനാല്‍ പഠനം മുടങ്ങി. പക്ഷേ ടീച്ചർ ആഴ്‌ചയിലൊരിക്കല്‍ കുട്ടികളെ കാണാനെത്തും. മാസങ്ങൾ കൂടുമ്പോഴാണ് ബദല്‍ സ്‌കൂള്‍ അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നത്. മുതുവാന്‍ സമുദായത്തില്‍പെട്ട ടീച്ചര്‍ തന്‍റെ സമുദായത്തിലെ കുട്ടികളുടെ പഠനം മാത്രം ലക്ഷ്യമാക്കി എല്ലാ ദുരിതങ്ങളും മറന്ന് കാടുകയറും.
ഊർങ്ങാട്ടിരി കരിമ്പ് കോളനിയിലാണ് മിനി ടീച്ചര്‍ താമസിക്കുന്നത്. സജീവമായിരുന്ന ബദല്‍ സ്‌കൂള്‍ ഇപ്പോള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്. കൊവിഡ് കാലം പിന്നിട്ട് സ്കൂൾ തുറക്കുമെന്നും ബദല്‍ സ്കൂൾ അധ്യാപകർക്ക് കൃത്യമായി ശമ്പളം ലഭിക്കുമെന്നുമാണ് ടീച്ചർ പ്രതീക്ഷിക്കുന്നത്.