മലപ്പുറം : നിലമ്പൂര്‍ നഗരസഭ പരിധിയിലെ വിവിധ വകുപ്പുദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് മഴക്കാല മുന്നൊരുക്കയോഗം ചേര്‍ന്നു. തദ്ദേശ സ്വയംഭരണ സഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള യോഗങ്ങള്‍ ചേരണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇത് പാലിച്ചുകൊണ്ടായിരുന്നു യോഗം നടന്നത്. 2018, 2019 വര്‍ഷങ്ങളില്‍ മഴക്കെടുതികള്‍ ഏറെ അനുഭവിച്ച പ്രദേശമാണ് നിലമ്പൂര്‍. മേഖലയിലെ വിവിധ ഇടങ്ങളിലായി മണ്ണിടിച്ചിലും ജീവനാശവും മറ്റ് ദുരിതങ്ങളുമുണ്ടായിരുന്നു.
2020-ല്‍ വലിയ ദുരന്തങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. മഴ തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍ എല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് നഗരസഭയില്‍ യോഗം ചേര്‍ന്നത്. ദുരന്തമുണ്ടാവുകയാണെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനാവശ്യമായ സൗകര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ പുഴയുടേയും മറ്റും തീരങ്ങളിലുള്ളവര്‍ മുന്‍കൂട്ടി മാറി താമസിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. റോഡുകളില്‍ അപകടകരമായി അഗ്നിരക്ഷാസേന കണ്ടെത്തിയ മരങ്ങള്‍ വെട്ടിമാറ്റുന്നതിനുള്ള നടപടികള്‍ സാമൂഹ്യവനവത്കരണ വിഭാഗവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ആര്‍.ആര്‍.ടി. പ്രവര്‍ത്തകര്‍ക്കും അഗ്നിരക്ഷാസേന കൂടുതല്‍ പരിശീലനം നല്‍കും.
നഗരസഭ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ. റഹീം, പി.എം. ബഷീര്‍, സ്‌കറിയ ക്‌നാംതോപ്പില്‍, ഫയര്‍ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍ എം. അബ്ദുള്‍ ഗഫൂര്‍, നഗരസഭ സെക്രട്ടറി ജി. ബിനുജി, നിലമ്പൂര്‍ വനം റെയ്ഞ്ച് ഓഫീസര്‍ രവീന്ദ്രനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. ഫയര്‍ഫോഴ്‌സ്, വനം വകുപ്പ്, വാട്ടര്‍ അതോറിറ്റി, റവന്യു, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്.
also read: കൊവിഡ് രോഗി മരിച്ചു; ബ്ലാക്ക് ഫംഗസ് രോഗബാധയെന്ന് സംശയം