മലപ്പുറം: വിൽപ്പനയ്ക്കായി കൊണ്ടുവന്ന 30 ലിറ്റർ വിദേശ മദ്യവുമായി തിരുവാലി സ്വദേശി ബിനോയ് അറസ്റ്റില്‍. മഞ്ചേരി കച്ചേരിപ്പടിയിൽ നിന്നും മഞ്ചേരി എസ്ഐ സുമേഷ് സുധാകറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.
ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് അധിക പണം കൊടുത്താണ് 500 ലിറ്ററിന്‍റെ 60 മദ്യ കുപ്പികൾ വാങ്ങിയതെന്ന് കണ്ടെത്തി. മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനത്തിന്‍റെ സീറ്റിനടിയിലും വലിയ ബിഗ്ഷോപ്പറിലും നിറച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മദ്യം വിൽപ്പന നടത്തിയതിന് എടവണ്ണ പൊലീസ് ബിനോയിയെ ഓട്ടോറിക്ഷ സഹിതം പിടികൂടിയിരുന്നു. മഞ്ചേരി പരിസരങ്ങളിൽ അനധികൃതമായി വിദേശമദ്യം വില്പന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാളെ ഒരാഴ്ചയോളമായി നിരീക്ഷിച്ച് വരികയായിരുന്നു. ഇത്രയധികം മദ്യം ബിവറേജിൽ നിന്നും ഇയാൾക്ക് എങ്ങനെ ലഭിച്ചു എന്നതിനെ പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.