മലപ്പുറം: ജില്ലയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. അമരമ്പലം സൗത്ത് സ്വദേശി, അശ്വതി വീട്ടിൽ അജീഷ് (34)നെയാണ് പൂക്കോട്ടുംപാടം പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് ഏഴ് ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.
അന്യസംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തുന്നതായി ജില്ല പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎയാണ് പ്രതി വില്‍പ്പനക്കായി ബൈക്കിൽ കൊണ്ടുവന്നത്. ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്ന് ഗ്രാമിന് 5,000 മുതൽ 10,000 രൂപ വരെ വിലപറഞ്ഞുറപ്പിച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. വണ്ടൂരിൽ ലഹരി ഉപയോഗത്തിനിടെ യുവാവ് മരണപ്പെട്ട സംഭവത്തെ തുടർന്ന് ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യം വച്ചാണ് മയക്കുമരുന്ന് എത്തിക്കുന്നത്.