മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയ്ക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലാ കലക്ടറുടെ ഓഫീസിന് മുന്നിൽ പിഡിപി പ്രവർത്തകർ കുത്തിയിരുപ്പ് സമരം നടത്തി. സമരം നടത്തിയവരെ മലപ്പുറം സിഐയുടെ നേതൃത്വത്തല്‍ അറസ്റ്റ് ചെയ്ത് നീക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പിഡിപി പുറത്തിറക്കിയ വീഡിയോയ്ക്ക് ജില്ലാ കലക്ടർ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും സമരം നടത്തിയത്. മഅ്ദനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട 45 മിനിട്ട് ദൈര്‍ഘ്യമുളള വീഡിയോയില്‍ ഫാസിസം, ഹിന്ദുമതം എന്നിയുമായി ബന്ധപ്പെട്ട പരാമര്‍ശം നീക്കണമെന്ന് കലക്ടർ നിര്‍ദ്ദേശിച്ചു. എന്നാൽ ഈ പരാമര്‍ശം നീക്കാനാവില്ലെന്ന നിലപാടിൽ സ്ഥാനാർഥിയും പാര്‍ട്ടി പ്രവര്‍ത്തകരും അനുമതി ലഭിക്കുന്നത് വരെ കലക്ടറുടെ ഓഫീസിനു മുമ്പില്‍ സമരം നടത്തിയത്. ഓഫീസിനു മുമ്പില്‍ മുദ്രവാക്യം തുടര്‍ന്ന പ്രവര്‍ത്തകരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറം പൊലീസ് സ്റ്റേഷനിലേക്കും പിഡിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.