മലപ്പുറം: കിടത്തി ചികിത്സ പുനഃസ്ഥാപിക്കുക, സ്റ്റാഫ് പാറ്റേൺ നികത്തുക എന്ന ആവശ്യമുന്നയിച്ച് ഓമാനൂർ സിഎച്ച്സിയിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി. നിലവിലെ ഡോക്‌ടർമാർ അവധിയിൽ ആയതോടെ കിടത്തി ചികിത്സയും നിർത്തിയിരിക്കുകയാണ്. ചീക്കോട് പഞ്ചായത്ത് യൂത്ത് ലീഗ് പ്രവർത്തകർ പൊന്നാട് ഓമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് പി എ ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു.
നിരവധി രോഗികളാണ് ഡോക്ടർമാരുടെ കുറവ് മൂലം പ്രയാസപ്പെടുന്നത്. നിലവിലെ രണ്ട് ഡോക്‌ടർമാർ പ്രസവാവധിക്കും ഒരാൾ ശബരിമല ഡ്യൂട്ടിക്കും പോയതോടെയാണ് സിഎച്ച്സിയുടെ പ്രവർത്തനം അവതാളത്തിലായത്. ഇതോടെ കിടത്തി ചികിത്സയും നിർത്തി. ഡോക്ടർമാരെ നിയമിച്ച് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയതെന്ന് ചീക്കോട് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്‍റ് ഇസ്രത്ത് അസീസ് പറഞ്ഞു. ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി സഈദ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൗഖത്തലി ഹാജി, ഇമ്പിച്ചി മോതി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ശിഹാബ് മുണ്ടക്കൽ സ്വാഗതവും പി കെ സിദ്ദീഖ് നന്ദിയും പറഞ്ഞു.