മലപ്പുറം: തോട്ടപ്പളളി മേഖല കയ്യടക്കി കാട്ടാനകൾ വാഴകൃഷി വ്യാപകമായി നശിപ്പിക്കുന്നു. ചാലിയാർ പഞ്ചായത്തിലെ തോട്ടപ്പള്ളി മേഖലയിൽ കാട്ടാനകള്‍ ഓരോ ദിവസവും നശിപ്പിക്കുന്നത് 100 കണക്കിന് നേന്ത്രവാഴകളും മറ്റ് കാർഷിക വിളകളുമാണ്. ബുധനാഴ്ച്ച രാത്രി തെങ്ങും പള്ളി മോൻസി ഫ്രാൻസിസ്, തോമസ് വേളൂർ, സെബാസ്റ്റ്യൻ ആനന്ദശ്ശേരി എന്നിവരുടെ കൃഷിയിടങ്ങളിലായി 150 ഓളം നേന്ത്രവാഴകളാണ് നശിപ്പിച്ചത്. കഴിഞ്ഞ 2 മാസമായി കാട്ടാനയിറങ്ങാത്ത ദിവസങ്ങളില്ലെന്ന് കർഷകനായ സെബാസ്റ്റ്യൻ ആനന്ദശ്ശേരി പറഞ്ഞു.വനം വകുപ്പ് നടപടിയെടുക്കാത്തതിനാല്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണെന്ന് കർഷകർ ആരോപിച്ചു.
ബാങ്ക് വായ്‌പ എടുത്തും സ്വകാര്യ വ്യക്തികളിൽ നിന്നും വായ്‌പ എടുത്തുമാണ് ഭൂരിഭാഗം കർഷകരും കൃഷി ചെയ്യുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ നേന്ത്രവാഴ കൃഷി ചെയ്യുന്ന പ്രദേശമായ വാളംതോട് മേഖലയിൽ ഉൾപ്പെട്ട സ്ഥലമാണ് തോട്ടപ്പള്ളി. കാട്ടുപന്നികളും വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. പന്തീരായിരം വനമേഖലയിൽ നിന്നും കുറുവൻപുഴ നീന്തി കടന്നാണ് കാട്ടാനകൂട്ടം എത്തുന്നതെന്നും കർഷകർ പറയുന്നു. രണ്ട് കാട്ടാന കൂട്ടങ്ങളും ഒരു ഒറ്റയാനുമാണ് വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. രാത്രി കാലങ്ങളിൽ തോട്ടപ്പള്ളിയിലെ റോഡ് കാട്ടാനകൾ കൈയടക്കുന്നതും കർഷകരുടെ ഉറക്കം കെടുത്തുകയാണ്.