മലപ്പുറം: പരീക്ഷ ചോദ്യപേപ്പറിനൊപ്പം കാശ്മീരിനെ ഭാഗികമായി ഒഴിവാക്കി കൊണ്ടുള്ള ഇന്ത്യയുടെ ഭൂപടത്തിന്റെ രേഖാചിത്രം വിവാദമാകുന്നു. കഴിഞ്ഞ ബുധനാഴ്ച നിലമ്പൂർ പൂക്കോട്ടുംപാടം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം പ്രീമോഡേൺ സോഷ്യൽ സയൻസ് പരീക്ഷയിലാണ് ചോദ്യപേപ്പറിനോടൊപ്പം ലഡാക്കിനെ പൂർണ്ണമായി ഒഴിവാക്കികൊണ്ടുള്ള ഇന്ത്യൻ ഭൂപടത്തിന്റെ രേഖാചിത്രം സ്കൂൾ അധികൃതർ വിദ്യാർഥികൾക്ക് നല്‍കിയത്. രാജ്യത്തിന്റെ ഭൂപടത്തെ അപമാനിച്ചതിനും കുട്ടികൾക്കു മുന്നിൽ ബോധപൂർവ്വം രാജ്യത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ നല്കുന്നതിനും വേണ്ടി ആസൂത്രിതമായി വരുത്തിയ തെറ്റാണിതെന്ന് ആരോപിച്ച് സ്കൂൾ അധികൃതർക്കെതിരെ യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് പൂക്കോട്ടുംപാടം പൊലീസിൽ പരാതി നല്കി.
സംഭവത്തിൽ പൊലീസ് അനേഷണം ആരംഭിച്ചു. എന്നാൽ ആലപ്പുഴയിൽ നിന്നുള്ള സ്വകാര്യ ഏജൻസി ആണ് ചോദ്യ പേപ്പർ തയ്യാറാക്കിയതെന്നും തെറ്റ് കണ്ട ഉടനെ തന്നെ ചോദ്യ പേപ്പർ പിൻവലിച്ചിരുന്നെന്നും അധ്യാപകർ പറയുന്നു. ചോദ്യപേപ്പർ തയ്യാറാക്കിയ ഏജൻസിയെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്.