മലപ്പുറം: കരുവാരക്കുണ്ടിലെ മാമ്പറ്റ പാലം അപകട ഭീഷണിയില്‍. അരനൂറ്റാണ്ട് മുൻപ് പണിത പാലത്തിന്‍റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്ന് വീണത് നാട്ടുകാർക്കിടയില്‍ ആശങ്ക ഉയർത്തുന്നു. കരുവാരക്കുണ്ട്, കേരളകുണ്ട് മേഖലകളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. കാല്‍കുണ്ടിലേക്കുള്ള റോഡില്‍ ഒലിപ്പുഴയ്ക്ക് കുറുകെയാണ് പാലം സ്ഥിതി ചെയ്യുന്നത്. 1970ല്‍ നിർമിച്ച പാലത്തിന്‍റെ കൈവരി കാലത്തിനനുസരിച്ച് പലപ്പോഴായി എത്തിയ മഴ വെള്ളത്തില്‍ ഒലിച്ചുപോയി. തോട്ടം മേഖലയായതിനാല്‍ ചരക്ക് കയറ്റിയ നിരവധി ലോറികൾ ഈ പാലത്തിലൂടെ കടന്ന് പോകാറുണ്ട്. കേരളകുണ്ട് വെള്ളച്ചാട്ടം ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉള്ള വാഹനങ്ങളും ഈ പാലത്തിലൂടെ വേണം കടന്ന് പോകാൻ. നിലവിലെ സാഹചര്യത്തില്‍ പാലം അപകട ഭീഷണിയിലാണെന്നും ഏത് നിമിഷവും തകർന്ന് വീഴുമെന്നും നാട്ടുകാർ പറയുന്നു.
കഴിഞ്ഞ വർഷമുണ്ടായ ഉരുൾപൊട്ടലില്‍ ഈ പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകിയത്. ഈ വർഷം കാലവർഷം കൂടുതല്‍ ശക്തിപ്പെട്ടാല്‍ നിലവിലെ സാഹചര്യത്തില്‍ പാലം ഒലിച്ച് പോകാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ഈ പാലം പൂർണമായും പൊളിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളെയും കൽകുണ്ടിനെയും ഒന്നിപ്പിക്കുന്ന മറ്റൊരു പുതിയ പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.