മലപ്പുറം: തൂതപ്പുഴയിൽ നിന്നും അനധികൃതമായി പുഴമണൽ കടത്തുവാൻ ഉപയോഗിച്ചിരുന്ന തോണികൾ കൊളത്തൂർ പൊലീസ് പിടികൂടി. വളപുരം അമ്പലക്കടവിൽ നിന്നും ഒന്നും മൂർക്കനാട് വടക്കുംപുറം കടവിൽ നിന്നും രണ്ടും വീതം തോണികളാണ് പിടിച്ചെടുത്തത്. പുഴയുടെ തുരുത്തുകളിൽ നിന്നും ശേഖരിച്ച മണൽ രാത്രിയിൽ തോണികൾ ഉപയോഗിച്ച് കടവിൽ എത്തിച്ച് ചാക്കുകളിലാക്കി ടിപ്പറുകളിൽ കയറ്റിയാണ് കടത്തി കൊണ്ട്പോകുന്നതെന്ന് പൊലീസ് പറഞ്ഞു. ഇങ്ങനെയുള്ള തോണികൾ പുലർച്ചെ പണി കഴിഞ്ഞ് പുഴയുടെ മധ്യത്തിൽ ഭാരമുള്ള വസ്‌തുക്കൾ കയറ്റി വച്ച് മുക്കി ഒളിപ്പിച്ചു വരികയായിരുന്നു. ഈ കടവുകളിൽ നടത്തിയ പരിശോധനകളിലൂടെ ലഭിച്ച സൂചനകളെ തുടർന്ന് കൊളത്തൂർ പൊലീസിലെ മുങ്ങൽ വിദഗ്‌ദരായ പൊലീസുകാർ പുഴയിൽ മുങ്ങി തോണികൾ പുറത്തെടുക്കുകയായിരുന്നു.
ലക്ഷങ്ങൾ വിലവരുന്ന ഇത്തരം വലിയ തോണികളിൽ വലിയ രണ്ട് ടിപ്പറുകളിൽ കൊള്ളുന്ന മണൽ എടുക്കാനാകുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം മൂർക്കനാട് കീഴ്‌മുറി കടവിൽ നിന്നും സമാനമായ രീതിയിൽ രണ്ടു തോണികൾ കൊളത്തൂർ പൊലീസ് പിടിച്ചെടുത്തിരുന്നു. കൊളത്തൂർ പൊലീസ് ഇൻസ്പെക്‌ടർ പിഎം ഷമീർ, സിപിഒമാരായ സത്താർ, മനോജ്, പ്രിയജിത്ത്, രാകേഷ്, സുരേഷ്, ഡ്രൈവർ സുനിൽ, ഹോം ഗാർഡ് പ്രമോദ് എന്നിവരാണ് തോണികൾ പിടിച്ചെടുത്ത സംഘത്തിലുണ്ടായിരുന്നത്.