"അബിയു മുതല്‍ ബറാബ" വരെ: മധുരം നിറച്ച് അഷ്റഫിന്‍റെ പഴത്തോട്ടം - farmer ashraf
റംബുട്ടാൻ, മില്‍ക്ക് ഫ്രൂട്ട്, മിറാക്കിൾ ഫ്രൂട്ട്, അബിയു, സാന്തോൾ, വിയറ്റ്നാം സൂപ്പർ ഏർലി, ബെറീസ്, മാപ്രാഗ്, ഓറഞ്ച്, മധുരഅമ്പഴം, ബറാബ തുടങ്ങി 25 ഓളം ഇനം പഴവർഗങ്ങളാണ് അഷ്‌റഫിന്‍റെ തോട്ടത്തിലുള്ളത്.
മലപ്പുറം: തിരൂർ വൈലത്തൂരിലെ വ്യാപാരിയായ അഷ്റഫിന് കൃഷി ഒരു വരുമാനമാർഗ്ഗമല്ല. അഷ്റഫിന് കൃഷിയോടുള്ള താല്‍പര്യം എന്താണെന്ന് അറിയണമെങ്കില്‍ കൃഷിത്തോട്ടത്തിലേക്ക് പോയാല്‍ മതി. വിവിധയിനം മറുനാടൻ പഴങ്ങൾ കൊണ്ട് സമ്പന്നമാണ് വൈലത്തൂരിലെ കൃഷിത്തോട്ടം. റംബുട്ടാൻ, മില്‍ക്ക് ഫ്രൂട്ട്, മിറാക്കിൾ ഫ്രൂട്ട്, അബിയു, സാന്തോൾ, വിയറ്റ്നാം സൂപ്പർ ഏർലി, ബെറീസ്, മാപ്രാഗ്, ഓറഞ്ച്, മധുരഅമ്പഴം, ബറാബ ഇങ്ങനെ അഷ്‌റഫിന്‍റെ കൃഷിയിടത്തിലെ പഴ വർഗങ്ങളുടെ പട്ടിക നീളുകയാണ്.
വിദേശികളും സ്വദേശികളുമായി 25 ഇനം പഴ വർഗങ്ങളാണ് മധുരം നിറച്ച് വിളഞ്ഞു നില്‍ക്കുന്നത്. ഫലവൃക്ഷങ്ങൾക്ക് പുറമെ വ്യത്യസ്തമായ ചെടികളും വിവിധയിനം മൃഗങ്ങളുമുണ്ട്. ചെറുപ്രായത്തിൽ കൃഷിയില്‍ തോന്നിയ ഇഷ്ടമാണ് മധുരത്തോട്ടം സൃഷ്ടിക്കാൻ അഷ്റഫിന് പ്രചോദനമായത്.
വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റ് പ്രസിഡന്‍റും പൊന്മുണ്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷററുമായ അഷ്റഫ് പൊതുജീവിതത്തിലെ തിരക്കിനിടയിലും കൃഷിയെ സ്നേഹിക്കുകയാണ്. നന്നായി പരിപാലിച്ചാല്‍ ഏത് കൃഷിയിൽ നിന്നും നല്ല വിളവ് ലഭിക്കുമെന്നാണ് അഷ്റഫിന്‍റെ പക്ഷം. കൃഷിയോടുള്ള താല്‍പര്യവും കുടുംബത്തിന്‍റെ പിന്തുണയുമാണ് വിജയരഹസ്യം. ജീവിതത്തില്‍ മധുരം നിറയ്ക്കുന്ന കൃഷി സ്നേഹം വരും തലമുറയ്ക്കും പകർന്നുകൊടുക്കുമെന്ന ഉറപ്പാണ് അഷ്റഫ് പങ്കുവെയ്ക്കുന്നത്.