മലപ്പുറം: ലോകത്തിൽ വച്ച് തന്നെ വില കൂടിയതും വീര്യമേറിയതുമായ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ കാളികാവ് പൊലീസിന്‍റെ പിടിയിലായി. ഞായറാഴ്‌ച പുലർചെ ഒരു മണിയോടെ ചോക്കാട് വിത്ത് ഫാം പരിസരത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഗ്രാമിന് 600 ഡോളർ വിലവരുന്ന 20 ഗ്രാം എംഡിഎംഎ എന്ന മയക്കു മരുന്നാണ് കണ്ടെടുത്തത്. ചോക്കാട് സ്വദേശികളായ നീലാമ്പ്ര നൗഫൽ (40), വടക്കുംപറമ്പൻ ആശിഷ് (25), നെച്ചിയിൽ ജിതിൻ (24) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്‌ച രാത്രി പൊലിസ് പട്രോളിംഗ് നടത്തുന്നതിനിടെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ജീപ്പ് പരിശോധിക്കുന്നതിനിടെയാണ് മയക്കുമരുന്നു കണ്ടെത്തിയത്. ഉത്തേജനത്തിനും ലഹരിക്കുമായാണ് ഇത് ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ക്രിസ്റ്റൽ മെത്ത്, ഐസ് മെത്ത് എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ മയക്കുമരുന്ന് ചോക്കാട്ടുകാരുടെ കൈകളിൽ എങ്ങനെ എത്തി എന്ന അന്വേഷണത്തിലാണ് പൊലീസ്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. എസ്.ഐ വിവേക്, എഎസ്ഐ പ്രതീപ്, സിപിഓമാരായ സി കെ സജേഷ്, കെ ടി ആശിഫലി, കെ പ്രിൻസ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.