മലപ്പുറം: സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള മലിനജലം ഡ്രൈനേജിലേക്ക് ഒഴുക്കാന്‍ നീക്കം. ടൗണില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള മാലിന്യമാണ് കെ.എന്‍.ജി റോഡിന്‍റെ വശത്തെ ഡ്രൈനേജിലേക്ക് ഒഴുക്കാന്‍ നീക്കം നടത്തുന്നത്. ഇതിനായി ആശുപത്രിയില്‍ നിന്നും റോഡരികിലെ ഡ്രൈനേജിന് അടുത്തേക്ക് രണ്ടര അടി വീതിയിലും അമ്പത് മീറ്റര്‍ നിളത്തിത്തിലും ചാല്‍ കീറിയതായി നാട്ടുകാര്‍ പറയുന്നു. കീറിയ ചാല്‍ ഡ്രൈനേജിലേക്ക് വെള്ളം എത്തിക്കുന്ന നിലയിലാണ്. ആശുപത്രി അധികൃതര്‍ നിര്‍മിച്ച ചാല്‍ നികത്തുന്നതിന് മുമ്പ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരിശോധന നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അതേസമയം, മഴവെള്ളം ഒഴുക്കിവിടുന്നതിനാണ് ചാല്‍ കീറിയതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ ഈ ന്യായവാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ആശുപത്രി പരിസരത്ത് മഴവെള്ള സംഭരണി സ്ഥാപിക്കുകയാണ് വേണ്ടതെന്നും നാട്ടുകാര്‍ പറയുന്നു.
ടൗണിലെ ഡ്രൈനേജിലൂടെ ഒഴുകുന്ന വെള്ളം പുന്നപ്പുഴയിലാണ് എത്തുന്നത്. ജലനിധി ഉള്‍പ്പെടെ നിരവധി കുടിവെള്ള പദ്ധതികളാണ് പുഴയോരത്ത് പ്രവര്‍ത്തിക്കുന്നത്. ആശുപത്രിയില്‍ നിന്നുള്ള മാലിന്യം കലര്‍ന്ന വെള്ളം പുഴയിലെത്തുക വഴി ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.