മലപ്പുറം: ആശാവർക്കർമാരുടെ പ്രവർത്തനങ്ങളിൽ മലപ്പുറം ജില്ല ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആരോഗ്യ പ്രവർത്തനങ്ങൾ ഏറ്റവും ഭംഗിയായി നടപ്പിലാക്കുക എന്ന മത്സരം എല്ലാ ജില്ലകളും തമ്മിൽ നടന്നുകൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തിൽ ജില്ലയിലെ ആശാ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ നിഷേധിക്കാനാവാത്ത നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ആർദ്രം ജനകീയ ക്യാമ്പയിൻ മലപ്പുറം ജില്ലാ തല ഉദ്ഘാടനവും ആശ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
ചടങ്ങിൽ പി. ഉബൈദുള്ള എംഎൽഎ അധ്യക്ഷനായി. മലപ്പുറം എംപി പി.കെ കുഞ്ഞാലിക്കുട്ടി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ സക്കീന തുടങ്ങിയവർ പങ്കെടുത്തു. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്ന മുദ്രാവാക്യത്തോടെയാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ആർദ്രം ജനകീയ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്‌തത്.