മലപ്പുറം: ജില്ലയിൽ കൊവിഡ് ഭീതി ഒഴിയുന്നുന്നില്ല. പുതുതായി ജില്ലയിൽ സ്ഥിരീകരിച്ച 35 കൊവിഡ് കേസുകളിൽ മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പൊന്നാനിയിലെ സ്ഥിതി ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രദേശത്ത് ആന്‍റിജൻ ടെസ്റ്റുകൾ ആരംഭിക്കുമെന്ന് ജില്ലാ ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച എടക്കര പാലേമാട് സ്വദേശിയുമായി അടുത്തിടപഴകിയ 56 വയസുകാരന്‍, ജൂണ്‍ 28ന് രോഗം സ്ഥിരീകരിച്ച എടപ്പാള്‍ ആശുപത്രിയിലെ ഡോക്‌ടറുമായി അടുത്തിടപഴകിയ ആശുപത്രി ജീവനക്കാരി മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിനി, എടപ്പാള്‍ ശുകപുരം ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന എടപ്പാള്‍ അയിലക്കാടുള്ള ഒരു വയസുകാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
കൊവിഡ് വ്യാപന സാധ്യത നിലനിൽക്കുന്ന പൊന്നാനിയിൽ ആന്‍റിജൻ ടെസ്റ്റുകൾ ഉടൻ ആരംഭിക്കും. മുൻഗണനാ ക്രമത്തിൽ അഞ്ച് കാറ്റഗറികളിലായാണ് പരിശോധന നടത്തുക. കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ച താനൂരിലും കടുത്ത നിയന്ത്രണങ്ങളാണുള്ളത്. ഇതിനിടെ ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുന്ന പൊന്നാനി താലൂക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളുടെ എണ്ണം വർധിപ്പിക്കാനും തുറക്കുന്ന കടകളിൽ എസി ഉപയോഗിക്കാതിരിക്കാനും കലക്‌ടർ നിർദേശം നൽകി. താലൂക്കിലെ റേഷൻകടകൾ ഭക്ഷ്യധാന്യ വിതരണത്തിനായി തുറക്കും. സമൂഹ വ്യാപന സാധ്യതയുള്ള പ്രദേശങ്ങളിൽ നടത്തിയ റാൻഡം ടെസ്റ്റിന്‍റെ 50 ശതമാനം സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. പുറത്തുവന്നതിൽ അധികം ഫലവും നെഗറ്റീവാണെന്നും കലക്‌ടർ അറിയിച്ചു.