മലപ്പുറം: ജില്ലയില്‍ 4,212 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4,505 പേര്‍ക്ക് രോഗമുക്തരായി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.82 ശതമാനമാണ്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,057 പേര്‍ക്ക് രോഗം ബാധിച്ചു.
ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഉറവിടമറിയാതെ 65 പേര്‍ക്കും രോഗം ബാധിച്ചു. രോഗബാധിതരായി ജില്ലയിൽ ഇനി ചികിത്സയില്‍ ഉളളത് 44,658 പേരാണ്. ജില്ലയിൽ ആകെ 65,292 പേര്‍ നിരീക്ഷണത്തിലുണ്ട്.
Also Read:മലപ്പുറത്ത് 6,71,172 പേര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു
വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 87 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,429 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 291 പേരും 180 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്‍ററുകളിൽ 1,055 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 809 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.