മലപ്പുറം: വലിയൊരു ഇടവേളക്ക് ശേഷം മലപ്പുറം ജില്ലയില്‍ കൊവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണം 300 കവിഞ്ഞു. വെള്ളിയാഴ്ച 359 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്‌ചയും രോഗവ്യാപനത്തില്‍ ഇതേ നിരക്ക് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കൊവിഡ് നിബന്ധകൾ കർശനമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കൊവിഡ് വ്യാപനം ഭീഷണിയായി തുടരുന്നതിനിടെ ആറു മാസങ്ങള്‍ക്ക് ശേഷം 2021 മാര്‍ച്ച് 22 ന് പ്രതിദിന രോഗബാധിതരുടെ എണ്ണം ജില്ലയില്‍ 100ല്‍ താഴെയെത്തിയിരുന്നു. 81 പേര്‍ക്കാണ് മാര്‍ച്ച് 22ന് കൊവിഡ് സ്ഥിരീകരിച്ചത്. 2019 സെപ്തംബര്‍ മൂന്നിന് 91 പേര്‍ക്ക് രോബബാധ സ്ഥിരീകരിച്ച ശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണം 100ല്‍ താഴെയെത്തിയത് മാര്‍ച്ച് 22നായിരുന്നു. ഇതിന് ശേഷം ഗണ്യമായ വര്‍ധനവാണ് രോഗികളുടെ എണ്ണത്തിലുണ്ടായത്.
വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചവരില്‍ 332 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 17 പേര്‍ക്കും രോഗം ബാധിച്ചു. 18,406 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,959 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 123 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 70 പേരും 66 പേര്‍ കൊവിഡ് സെക്കന്‍റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്‍ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയിൽ ഇതുവരെ 615 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗികൾ വർധിക്കുന്നതോടൊപ്പം രോഗമുക്തരാകുന്നവരുടെ എണ്ണവും വര്‍ധിക്കുന്നത് ആശ്വാസകരമാണെന്ന് ഡോ. കെ. സക്കീന പറഞ്ഞു. വെള്ളിയാഴ്ച 330 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ജില്ലയില്‍ ആകെ രോഗ മുക്തരായവരുടെ എണ്ണം 1,23,073 ആയി.